കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുമ്പോൾ അതിന്റെ കരിക്കുലം നിശ്ചയിക്കാനും സ്കൂളുകൾ തിരഞ്ഞെടുക്കാനുമുള്ള പരമാധികാരം സംസ്ഥാന സർക്കാരിനായിരിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചത്.
ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ ആശയപരമായ നിലപാടുകൾ രൂപീകരിക്കുന്നതിനായി പ്രത്യേക മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് അംഗങ്ങൾ.
കേരളത്തിന് നിലവിൽ പദ്ധതിയുടെ ഭാഗമായി 99 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ടെന്നും 106 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ അവകാശങ്ങൾ നഷ്ടപ്പെടുത്താതെ തന്നെ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്നും കൂട്ടിച്ചേർത്തു.
ഭരണരംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കേന്ദ്ര സർക്കാർ മാതൃകയിൽ എല്ലാ വകുപ്പുകളിലും ‘ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ’ നിയമിക്കാനുള്ള തീരുമാനം. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ഈ ചുമതല ഏൽപ്പിക്കുക.
ചട്ടങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലാതെ വിവിധ വകുപ്പുകളിൽ നിന്ന് ധനകാര്യ മന്ത്രാലയത്തിലേക്ക് ഫയലുകൾ എത്തുന്നതും ഇത് കാരണം ഭരണനടപടികൾ വൈകുന്നതും ഒഴിവാക്കാൻ പുതിയ നടപടിയിലൂടെ സാധിക്കും. ധനകാര്യ വകുപ്പിന്റെ അധികാരം താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കുന്ന ഈ തീരുമാനം ഭരണസംവിധാനത്തെ കൂടുതൽ വേഗതയുള്ളതാക്കി മാറ്റും.
ഇതിനൊപ്പം തന്നെ കാലഹരണപ്പെട്ട പ്രൊക്യൂർമെന്റ് മാനുവൽ സമഗ്രമായി പരിഷ്കരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇ-പ്രൊക്യൂർമെന്റ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി, സുതാര്യവും കേന്ദ്ര മാർഗനിർദേശങ്ങൾക്ക് അനുസൃതവുമായ പുതിയ മാനുവൽ തയാറാക്കും.
ഇതിനായി പൊതുമരാമത്ത്, ടൂറിസം, ഐ.ടി, ഉന്നത വിദ്യാഭ്യാസം, ജലവിഭവം എന്നീ വകുപ്പ് മന്ത്രിമാർ ഉൾപ്പെടുന്ന മറ്റൊരു ഉപസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ആദ്യ 100 ദിന കർമപരിപാടികൾ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പ്രധാനപ്പെട്ട ചില ഭരണതല നിയമനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഹൈക്കോടതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി അഡ്വ. മുഹമ്മദ് ഷാഫിയെയും കേരള കാഷ്യൂ ബോർഡിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായി ജി. ഉണ്ണികൃഷ്ണനെയും നിയമിച്ചു.
എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പാര്യത്തുകാവിൽ വർഷങ്ങളായി നിലനിന്നിരുന്ന ഏഴ് പട്ടികജാതി കുടുംബങ്ങളുടെ ഭൂമിതർക്കം സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ പരിഹരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തർക്കഭൂമിയിൽ തന്നെ ഇവർക്ക് അഞ്ച് സെന്റ് ഭൂമിയും 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടും സർക്കാർ നിർമിച്ചു നൽകും. ഈ ദൗത്യത്തിന് നേതൃത്വം നൽകിയ മന്ത്രി റോജി എം. ജോണിനെയും കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
English Summary
Chief Minister V.D. Satheesan announced that Kerala will retain full autonomy over the curriculum and school selection for the PM SHRI scheme. The cabinet also decided to appoint Integrated Financial Advisors in all departments, revise the procurement manual, and launch its first 100-day action plan on July 1st.
