പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ തീരുമാനം; വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

3 Min Read

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. മുൻപത്തെ ഇടതുപക്ഷ സർക്കാർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഇതിനകം തന്നെ ഒപ്പുവെച്ചിട്ടുള്ളതിനാൽ, നിലവിൽ കേരളം ഈ പദ്ധതിയുടെ ഭാഗമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പദ്ധതിയുടെ ഭാഗമാകുമ്പോഴും സംസ്ഥാനത്തെ സ്കൂളുകളെ തിരഞ്ഞെടുക്കുന്നതിലും കരിക്കുലം നിശ്ചയിക്കുന്നതിലും യാതൊരുവിധ കേന്ദ്ര ഇടപെടലുകളും അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് സർക്കാർ. ഇതേക്കുറിച്ച് വിശദമായി പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രി കൺവീനറായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി തുടർന്നുള്ള നടപടികളെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, പിഎം ശ്രീ വിഷയത്തിൽ കേന്ദ്രവുമായി കരാറിലേർപ്പെട്ട മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ പദ്ധതിയുടെ പേരിൽ 92 കോടി രൂപയിലധികം കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും, അതുകൂടാതെ 106 കോടി രൂപ കൂടി നിലവിൽ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. സ്കൂൾ കരിക്കുലം നിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വതന്ത്രമായ അവകാശത്തിൽ കേന്ദ്ര സർക്കാർ കടന്നുകയറരുതെന്നാണ് യുഡിഎഫ് സർക്കാരിന്റെ കൃത്യമായ നിലപാട്.

പദ്ധതിയിൽ കേരളത്തിലെ ഏതെല്ലാം സ്കൂളുകളെ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കും. കേന്ദ്രത്തിന് മുന്നിൽ സംസ്ഥാനത്തിന്റെ ആശയപരമായ നിലപാടുകൾ കൃത്യമായി വ്യക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ കൺവീനറായും, മന്ത്രിമാരായ റോജി എം. ജോൺ, പി.സി.വിഷ്ണുനാഥ്, എം.ലിജു എന്നിവർ അംഗങ്ങളായുമുള്ള മന്ത്രിസഭാ ഉപസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്.

ഇടതു സർക്കാർ നേരത്തെ ധനകാര്യ വകുപ്പിന്റെ അടക്കം അനുമതിയോടെ കരാറിൽ ഒപ്പിട്ട് പണം വാങ്ങിയ സാഹചര്യത്തിൽ, ഈ പദ്ധതിയിൽ പങ്കാളിയാകാൻ പുതിയ സർക്കാർ ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ഒട്ടും ബലികഴിക്കാതെ ഈ പദ്ധതി എങ്ങനെ വിജയകരമായി നടപ്പാക്കാം എന്ന വഴിയാണ് സർക്കാർ ഇപ്പോൾ തേടുന്നത്.

ദേശീയ വിദ്യാഭ്യാസ നയം (NEP) മുൻപ് തന്നെ കേരളത്തിൽ നടപ്പാക്കി തുടങ്ങിയതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മുൻ സർക്കാർ പിഎം ശ്രീ വിഷയത്തിൽ സ്വന്തം മന്ത്രിസഭാ അംഗങ്ങളെപ്പോലും ഇരുട്ടിൽ നിർത്തിയാണ് കരാർ ഒപ്പിട്ടത്, അതിനെയാണ് തങ്ങൾ എതിർത്തത്.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള ആയിരം കോടിയിലധികം രൂപ എന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് സംസ്ഥാനത്തിന്റെ കൃത്യമായ അവകാശമാണ്. കേന്ദ്രത്തിന്റെ വർഗീയ അജണ്ടകൾ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കാതെ ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുൻ സർക്കാർ കേന്ദ്രത്തിന് ഒരു കത്ത് പോലും അയച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ ഇപ്പോൾ ഉപസമിതി രൂപീകരിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഇത് കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ വ്യക്തമായ അഡ്ജസ്റ്റ്‌മെന്റ് ആണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.

എസ്എസ്‌കെ (SSK) ഫണ്ട് കേന്ദ്രത്തിൽ നിന്ന് കൃത്യമായി ലഭിക്കുന്നതിന് വേണ്ടിയാണ് മുൻപ് പിഎം ശ്രീ കരാറിൽ ഒപ്പിടേണ്ടി വന്നത്. പദ്ധതിയിൽ സഹകരിക്കാമെന്ന് അറിയിച്ചും പിന്നീട് അതിൽ നിന്നും പിന്മാറുന്നതായി വ്യക്തമാക്കിയും രണ്ട് കത്തുകൾ കേന്ദ്ര സർക്കാരിന് അയച്ചിട്ടുണ്ടെന്നും മുൻ സർക്കാർ കത്തുകളൊന്നും അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശുദ്ധ കളവാണെന്നും ശിവൻകുട്ടി ആരോപിച്ചു. പിഎം ശ്രീ പദ്ധതിയും ലേബൽ കോഡും കേരളത്തിൽ നടപ്പാക്കാനുള്ള ഔദ്യോഗിക കരാറിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഇപ്പോൾ ഒപ്പുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

English Summary

The UDF government led by Chief Minister V.D. Satheesan has decided to proceed with the PM SHRI scheme, as the previous LDF government had already signed the pact. A cabinet sub-committee was formed to prevent central interference in the curriculum, while former minister V. Sivankutty termed this move a political adjustment.

Share This Article