പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് ബോഡിബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവർക്ക് നൽകിയ എസ്ഐ നിയമനം സർക്കാർ റദ്ദാക്കാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഷിനു ചൊവ്വയുടെ പൊലീസ് പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. പാർട്ടി ബന്ധമുള്ളവരെ പിൻവാതിലിലൂടെ നിയമിക്കാൻ സർക്കാർ ശ്രമിച്ചുവെന്ന ആക്ഷേപം നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഔദ്യോഗിക നടപടിക്രമങ്ങളും പരീക്ഷകളും പൂർത്തിയാക്കാതെയായിരുന്നു ഇവരെ നിയമിക്കാൻ മുൻ സർക്കാർ നീക്കം നടത്തിയത്. പിഎസ്‌സിയെ ഒഴിവാക്കി നിയമനം നൽകാൻ ശ്രമിച്ചെങ്കിലും, നിർബന്ധിതമായിരുന്ന ശാരീരികക്ഷമതാ പരീക്ഷയിൽ ഇരുവരും പരാജയപ്പെട്ടിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ ശക്തമായ എതിർപ്പുകൾ തള്ളിക്കളഞ്ഞുകൊണ്ട് മുൻ മുഖ്യമന്ത്രിയുടെ ഓഫീസാണ് നിയമന തീരുമാനത്തിൽ ഉറച്ചുനിന്നത്. തുടർന്നാണ് കായികക്ഷമതാ പരീക്ഷയിൽ തോറ്റവരെയും പരീക്ഷ എഴുതാത്തവരെയും എസ്ഐമാരായി നിയമിക്കാൻ അന്നത്തെ ഡിജിപിക്ക് ഉത്തരവ് നൽകിയത്.
ഒരു വർഷത്തെ പരിശീലനത്തിന് ശേഷം ഇവർക്ക് സ്ഥിരനിയമനം നൽകാനായിരുന്നു തീരുമാനം. നിയമനത്തിലെ ക്രമക്കേടുകൾ വെളിച്ചത്തായതോടെയാണ് സർക്കാർ ഇപ്പോൾ ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
English Summary
The government is cancelling the irregular SI appointments of bodybuilders Shinu Chovva and Chithresh Natesan, as they failed the physical fitness tests. Their police training has now been suspended.
