ഇടുക്കി: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെന്ന കേസിൽ മകനും സുഹൃത്തും അറസ്റ്റിൽ. തോപ്രാംകുടി കൊച്ചുപറമ്പിൽ ദീപു മോഹൻദാസ് (27), പാലക്കാട് സ്വദേശി മുഹമ്മദ് ഫാസിൽ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
തോപ്രാംകുടി പടമുഖം കൊച്ചുപറമ്പിൽ കെ.കെ. മോഹൻദാസ് (56) എന്നയാളെ മകൻ ദീപുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വെള്ളിയാഴ്ച കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിന് സമീപത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് മോഹൻദാസിന്റെ സഹോദരി കെ.കെ. ഷൈല ഇടുക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് മുണ്ടൂരിലെ ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ മാനസികാരോഗ്യ ചികിത്സയ്ക്കായി മോഹൻദാസിനെ പ്രവേശിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു.
ഇടുക്കി കോടതിയിൽ ഹാജരാക്കിയ മോഹൻദാസിനെ അദ്ദേഹത്തിന്റെ താത്പര്യപ്രകാരം സഹോദരി ഷൈലയ്ക്കൊപ്പം വിട്ടയച്ചു.
ഭാര്യയും മൂന്ന് മക്കളുമുള്ള മോഹൻദാസ് വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്നും സഹോദരിക്കും ഭർത്താവിനുമൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. തോപ്രാംകുടിയിലെ മോഹൻദാസിന്റെ പേരിലുള്ള സ്വത്തിനെ ചൊല്ലി മക്കളുമായി തർക്കമുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മുമ്പ് മോഹൻദാസിനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമം നടന്നതായും പൊലീസ് പരിശോധിച്ചുവരികയാണ്.:
English Summary:
A 27-year-old man and his friend have been arrested in Idukki for allegedly abducting the man’s father and admitting him to a rehabilitation centre in Palakkad amid a property dispute. Police rescued the 56-year-old man and later released him to his sister based on his preference. Three more accused are yet to be arrested.
