കൊച്ചി: വനിതാ എസ്.ഐമാരുടെ പരാതിയിൽ പോഷ് ആക്ട് പ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട മുൻ എസ്.പി വി.ജി. വിനോദ്കുമാർ നൽകിയ ഹർജിയിൽ രഹസ്യവാദം വേണമെന്ന് വനിതാ എസ്.ഐമാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
അടച്ചിട്ട കോടതി മുറിയിലോ ജഡ്ജിയുടെ ചേംബറിലോ ഹർജി പരിഗണിക്കണമെന്നാണ് വനിതാ എസ്.ഐമാർക്ക് വേണ്ടി ഹാജരായ അഭിഭാഷക ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
വനിതാ എസ്.ഐമാർക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഹർജിയുടെ പരിഗണന ജൂലായ് ആറിലേക്ക് മാറ്റി.
അതേസമയം, പരാതിക്ക് ആധാരമായ സന്ദേശങ്ങൾ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായാണ് അയച്ചതെന്നും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്നും മുൻ എസ്.പി വി.ജി. വിനോദ്കുമാർ കോടതിയിൽ വാദിച്ചു.
വനിതാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് പോഷ് ആക്ട് പ്രകാരം രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെയാണ് മുൻ എസ്.പി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
English Summary:
Former Pathanamthitta SP V.G. Vinod Kumar has approached the Kerala High Court seeking to quash the ICC report submitted under the POSH Act based on complaints filed by women Sub-Inspectors. The complainants requested that the case be heard in camera or in the judge’s chamber. The court said it would consider the request and adjourned the matter to July 6.
