തിരുവനന്തപുരം: സംസ്ഥാനത്തെ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും. ജൂലൈ 1 മുതൽ 30 വരെ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരശേഖരണം നടത്തും. ഇത്തവണ ജാതി തിരിച്ചുള്ള കണക്കെടുപ്പും ഉൾപ്പെടുന്ന ഡിജിറ്റൽ സെൻസസാണ് നടക്കുന്നതെന്ന് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2011-നുശേഷമാണ് പുതിയ സെൻസസ് നടക്കുന്നത്. ആദ്യഘട്ടത്തിൽ സെൽഫ് എന്യൂമറേഷനും വീടുകളുടെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. രണ്ടാംഘട്ടത്തിൽ തൊഴിൽ, ജാതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ശേഖരിക്കും. 2027 മാർച്ചോടെ സെൻസസ് നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റർമാരും 10,189 സൂപ്പർവൈസർമാരുമടക്കം 71,471 ജീവനക്കാരാണ് സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. 682 പട്ടണങ്ങളിലും 758 ഗ്രാമങ്ങളിലുമായി വീടുകളുടെ പട്ടിക ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുക.
സെൽഫ് എന്യൂമറേഷൻ സൗകര്യം
ഇന്ന് മുതൽ 30 വരെ ജനങ്ങൾക്ക് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും സ്വയം വിവരങ്ങൾ രേഖപ്പെടുത്താം. എന്നാൽ ഇത് നിർബന്ധമല്ല. സ്വയം വിവരങ്ങൾ നൽകിയാലും ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ പരിശോധിക്കും. കേരളത്തിന് പുറത്തുള്ളവർക്ക് സെൽഫ് എന്യൂമറേഷൻ സൗകര്യം ലഭ്യമല്ല.
2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാംഘട്ടത്തിലാണ് ജാതിയുൾപ്പെടെയുള്ള വിശദവിവരങ്ങൾ ശേഖരിക്കുക. സംശയങ്ങൾക്കും പരാതികൾക്കുമായി ടോൾ ഫ്രീ നമ്പർ 1855 ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖരും സെൽഫ് എന്യൂമറേഷനിൽ
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡി.ജി.പി എന്നിവർ സെൽഫ് എന്യൂമറേഷൻ നടപടിയിൽ പങ്കാളികളാകും.
11 അക്ക എസ്.ഇ. ഐ.ഡി നമ്പർ സൂക്ഷിക്കണം
സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയ ശേഷം 11 അക്കങ്ങളുള്ള എസ്.ഇ. ഐ.ഡി (SE ID) നമ്പർ ലഭിക്കും. ഈ നമ്പർ ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വീടിന്റെ ഉടമസ്ഥത, കുടുംബാംഗങ്ങളുടെ എണ്ണം, എൽപിജി കണക്ഷൻ, ടെലിവിഷൻ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ, വാഹനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ 34 വിവരങ്ങളാണ് സെൽഫ് എന്യൂമറേഷനിൽ രേഖപ്പെടുത്തേണ്ടത്.
സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ട വിധം
- വെബ്സൈറ്റിൽ പ്രവേശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക.
- കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകി ഒ.ടി.പി വഴി സ്ഥിരീകരിക്കുക.
- ജില്ലയും സ്ഥലവും രേഖപ്പെടുത്തി മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തി സേവ് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ കൃത്യമായി നൽകുക.
- നടപടികൾ പൂർത്തിയാക്കിയാൽ 11 അക്ക എസ്.ഇ. ഐ.ഡി നമ്പർ ലഭിക്കും.
English Summary
Kerala has begun its digital census process, with door-to-door enumeration scheduled from July 1 to 30. The exercise will include caste-wise data collection, with detailed information to be gathered in the second phase in 2027. Citizens can voluntarily complete self-enumeration through the web portal and mobile app and will receive an 11-digit SE ID upon completion.
