തിരുവനന്തപുരം: ക്ഷേത്രാവശ്യങ്ങൾക്കായി പൂക്കൾ ഉൽപാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കേരളത്തിലെ താമരകർഷകർ, ഉയർന്ന വിപണിമൂല്യമുള്ള താമരവിത്തായ മഖാനയുടെ വാണിജ്യസാധ്യതകൾ കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല. ഒരു കിലോ മഖാനയ്ക്ക് വിപണിയിൽ 1,800 രൂപ വരെ വില ലഭിക്കുമ്പോൾ, ഒരു താമരപ്പൂവിന് കർഷകന് ലഭിക്കുന്നത് ശരാശരി അഞ്ച് രൂപ മാത്രമാണ്.
ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യവസ്തുവെന്ന നിലയിൽ രാജ്യത്തുടനീളം മഖാനയുടെ ജനപ്രീതി വർധിച്ചുവരികയാണ്. ഉയർന്ന പ്രോട്ടീൻ, മഗ്നീഷ്യം, കാത്സ്യം, ഫൈബർ എന്നിവ അടങ്ങിയ മഖാനയിൽ ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും വിവിധ രോഗസാധ്യതകൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുക, ശരീരത്തിന് യുവത്വം നിലനിർത്താൻ സഹായിക്കുക തുടങ്ങിയ അവകാശവാദങ്ങളുമായി ഫിറ്റ്നസ് വിദഗ്ധരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും മഖാനയെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, അമിതമായി മഖാന കഴിക്കുന്നത് വൃക്കരോഗമുള്ളവർക്ക് ദോഷകരമാകാനും ഗ്യാസ്, അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് തൃശൂർ ജനറൽ ആശുപത്രിയിലെ ഡയറ്റീഷ്യൻ എ.ഡി. ബിന്ദു മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിൽ താമരകൃഷി പ്രധാനമായും പൂക്കളുടെ ആവശ്യകത മുൻനിർത്തിയാണ് നടക്കുന്നത്. വിത്ത് ശേഖരിക്കാൻ പൂക്കൾ ചെടിയിൽ തന്നെ വിടേണ്ടതിനാൽ മഖാന ഉൽപാദനത്തിലേക്ക് കർഷകർ കാര്യമായി കടന്നിട്ടില്ല.
നിലവിൽ കേരളത്തിലെ വിപണികളിൽ ലഭിക്കുന്ന മഖാനയുടെ ഭൂരിഭാഗവും ബിഹാറിലും ചൈനയിലുമാണ് ഉൽപാദിപ്പിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ആരോഗ്യബോധം വർധിച്ചതോടെ മലയാളികൾക്കിടയിലും മഖാനയുടെ ഉപയോഗം ഉയർന്നിട്ടുണ്ട്.
നെയ്യിൽ വറുത്ത് ലഘുഭക്ഷണമായും, പാലിൽ ചേർത്തും, ദോശമാവിൽ കലർത്തിയും, സലാഡുകളിലും സൂപ്പുകളിലും ഉൾപ്പെടുത്തിയും മഖാന ഉപയോഗിക്കാറുണ്ട്.
കേരളത്തിലെ കാലാവസ്ഥ താമരകൃഷിക്ക് ഏറെ അനുയോജ്യമാണെന്നും കൂടുതൽ വിത്ത് ലഭിക്കുന്ന ഇനങ്ങൾ വ്യാപകമാക്കിയാൽ മഖാന ഉൽപാദനത്തിലൂടെ കർഷകർക്ക് അധിക വരുമാനം നേടാനാകുമെന്നും കാർഷിക സർവകലാശാലയിലെ ഫ്ലോറികൾച്ചർ ആൻഡ് ലാൻഡ്സ്കേപിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മിനി ശങ്കർ അഭിപ്രായപ്പെട്ടു.
English Summary
Kerala’s lotus farmers are largely focused on flower production for temple use and have not fully explored the commercial potential of lotus seeds (Makhana), which fetch up to ₹1,800 per kilogram. With rising demand driven by health-conscious consumers, experts say Kerala’s climate is well suited for large-scale Makhana production, offering farmers an additional source of income.
