ഡാലസിൽ നടന്ന ആവേശകരമായ സൗഹൃദ മത്സരത്തിൽ നെതർലൻഡ്സിനെതിരേ ജപ്പാൻ സമനില പിടിച്ചുവാങ്ങി. രണ്ടു തവണ പിന്നിൽപ്പോയ ശേഷമാണ് ജപ്പാൻ കരുത്തുറ്റ തിരിച്ചുവരവ് നടത്തിയത്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
വിർജിൽ വാൻഡൈക്ക്, ക്രിസെൻസിയോ സമ്മർവില്ലെ എന്നിവരാണ് നെതർലൻഡ്സിനായി ലക്ഷ്യം കണ്ടത്. ജപ്പാന് വേണ്ടി കെയ്റ്റോ നാക്കാമുറയും ഡയ്ച്ചി കമാഡയും ഗോളുകൾ നേടി.
മത്സരത്തിന്റെ തുടക്കം മുതൽ പന്ത് കൈവശം വെച്ച് കളിക്കാനായിരുന്നു നെതർലൻഡ്സിന്റെ തന്ത്രം. ഫ്രാങ്കി ഡിയോങ്ങും ടീയാനി റൈൻഡേഴ്സും മിഡ്ഫീൽഡിൽ കളി മെനഞ്ഞപ്പോൾ കോഡി ഗാക്പോ ഇടതുവിങ്ങിലൂടെ ജപ്പാൻ പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തി.
മൂന്നാം മിനിറ്റിലും 34-ാം മിനിറ്റിലും ഡോൺയെൽ മാലൻ തൊടുത്ത ഗോളെന്നുറച്ച ഷോട്ടുകളും ഹെഡറുകളും ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കി സമർത്ഥമായി രക്ഷപ്പെടുത്തി. ആദ്യ പകുതിയിൽ ജപ്പാൻ മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായി.
രണ്ടാം പകുതിയിലാണ് കളി കൂടുതൽ ആവേശകരമായത്. 51-ാം മിനിറ്റിൽ റയൻ ഗ്രാവെൻബെർക്കിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ വിർജിൽ വാൻഡൈക്ക് ഡച്ച് ടീമിന് ലീഡ് നൽകി.
എന്നാൽ 57-ാം മിനിറ്റിൽ ടക്കെഫുസ കുബോയുടെ പാസിൽ നിന്ന് കെയ്റ്റോ നാക്കാമുറയിലൂടെ ജപ്പാൻ സമനില കണ്ടെത്തി. 64-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെ വീണ്ടും നെതർലൻഡ്സിനെ മുന്നിലെത്തിച്ചെങ്കിലും, തോൽവി സമ്മതിക്കാൻ ജപ്പാൻ തയ്യാറായിരുന്നില്ല.
തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 89-ാം മിനിറ്റിൽ കോക്കി ഒഗാവ എടുത്ത കോർണർ ഡയ്ച്ചി കമാഡ വലയിലാക്കിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
English Summary
In a thrilling contest in Dallas, Japan fought back twice to secure a 2-2 draw against the Netherlands, with Daichi Kamada scoring the late equalizer for Japan.
