ഒരേ ദിവസം, ഒരേ മോഡൽ ബസിന് രണ്ടു വില! കെഎസ്ആർടിസി ബസ് വാങ്ങലിൽ കോടികളുടെ അഴിമതി ആരോപണം; കണ്ണുതള്ളിക്കുന്ന പർച്ചേസ് രേഖകൾ പുറത്ത്; അധികമായി ചോർന്നത് 4 കോടിയിലധികം രൂപ!

2 Min Read

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണം ഉയർന്നു. ഒരേ ദിവസം, ഒരേ ഡീലറിൽ നിന്ന് വാങ്ങിയ ഒരേ മോഡൽ ബസുകൾക്ക് വ്യത്യസ്ത വില നൽകിയതായുള്ള പർച്ചേസ് രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഓഡിറ്റോ വിശദമായ അന്വേഷണങ്ങളോ നടന്നിട്ടില്ലെന്നതും ചർച്ചയാകുന്നു.

ടാറ്റ കമ്പനിയുടെ 181 ബസുകൾ വാങ്ങിയ ഇടപാടുകളിലാണ് വിലയിലെ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതെന്നാണ് ആരോപണം. 2025 നവംബർ 21-ന് കെഎസ്ആർടിസി എട്ട് ബസുകൾ ഓരോന്നും 29,82,015 രൂപ നിരക്കിൽ വാങ്ങിയപ്പോൾ, അതേ ദിവസം തന്നെ ഇതേ മോഡലിലുള്ള അഞ്ച് ബസുകൾ 27,74,593 രൂപ നിരക്കിലും വാങ്ങിയതായി രേഖകളിൽ കാണുന്നു.

ഒരേ മോഡൽ ബസുകൾക്ക് ഒരേ ദിവസം വ്യത്യസ്ത വില നൽകിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അധിക ചെലവ് ഉണ്ടായെന്നാണ് ആരോപണം. മോഡലും ഡീലറും ഒന്നായിട്ടും വിലയിൽ വലിയ വ്യത്യാസം വന്നത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

2025 നവംബറിലും ഡിസംബറിലും സമാന രീതിയിലുള്ള ഇടപാടുകൾ നടന്നതായും രേഖകൾ സൂചിപ്പിക്കുന്നു. ചില ബസുകൾ കുറഞ്ഞ നിരക്കിൽ വാങ്ങിയപ്പോൾ, മറ്റുചില ബസുകൾക്ക് രണ്ടുമുതൽ മൂന്നുലക്ഷം രൂപ വരെ അധികം നൽകിയതായാണ് ആരോപണം.

ഡിസംബർ 13-ന് പോലും ഒരേ മോഡൽ ബസുകൾ 27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും വാങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി വരെ നടന്ന വാങ്ങലുകളിലും സമാനമായ വില വ്യത്യാസങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം.

പുറത്തുവന്ന കണക്കുകൾ പ്രകാരം 27,74,593 രൂപ നിരക്കിൽ 14 ബസുകളും, 27,96,718 രൂപ നിരക്കിൽ 30 ബസുകളും, 29,82,015 രൂപ നിരക്കിൽ 54 ബസുകളും, 30,05,799 രൂപ നിരക്കിൽ 83 ബസുകളും വാങ്ങിയിട്ടുണ്ട്. ഇതിലൂടെ മൊത്തത്തിൽ നാല് കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിരിക്കാമെന്നാണ് ആരോപണം.

ഇതേ മോഡൽ ബസുകളുടെ വിപണി വില ഏകദേശം 29 ലക്ഷം രൂപയാണെന്നും, കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ തോതിൽ വാഹനങ്ങൾ വാങ്ങുമ്പോൾ സാധാരണയായി വിലക്കിഴിവ് ലഭിക്കാറുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവിടെ വ്യത്യസ്ത വിലകളിൽ വാങ്ങൽ നടന്നത് കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നതായാണ് വിലയിരുത്തൽ.

ബസ് വാങ്ങലുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളിലും സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

English Summary:
Allegations of major irregularities have surfaced in KSRTC’s purchase of 181 Tata buses, with records showing that identical bus models were bought on the same day at different prices. The pricing discrepancies reportedly amount to more than ₹4 crore. Calls are growing for a detailed audit and investigation into the procurement process.



Share This Article