‘കപ്പലിന് തീ പിടിച്ചു, മുങ്ങിക്കൊണ്ടിരിക്കുകയാണ്’; ഒമാൻ തീരത്ത് ആക്രമണത്തിനിരയായ കപ്പലിൽ നിന്നുള്ള ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്; ഇന്ത്യൻ ജീവനക്കാർ രക്ഷപ്പെട്ടു

1 Min Read

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ആക്രമണത്തിനിരയായ ചരക്കുകപ്പലിലെ 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ജീവനക്കാരെ വ്യോമമാർഗം മാറ്റിയത്.

ആക്രമണത്തിനിരയായ കപ്പലിൽ നിന്നുള്ളതായി പറയപ്പെടുന്ന അടിയന്തര ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. കപ്പലിന് തീപിടിച്ചെന്നും എഞ്ചിൻ റൂമിൽ മിസൈൽ ആക്രമണമുണ്ടായെന്നും കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാർക്കായി അടിയന്തര സഹായം അഭ്യർഥിക്കുന്ന ശബ്ദരേഖയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

പലാവു പതാകയുമായി സഞ്ചരിച്ചിരുന്ന എംടി മാരിവെക്‌സ് എന്ന ചരക്കുകപ്പലാണ് ആക്രമണത്തിനിരയായതെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ തീരത്തെ മസിറ മേഖലയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം.

അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ഒമാൻ വ്യോമസേന രക്ഷാപ്രവർത്തനം ആരംഭിക്കുകയും കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കൻ സൈനിക നടപടിയെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരാനുണ്ട്.

English Summary

All 24 Indian crew members aboard the cargo vessel MT Marivex were rescued after the ship reportedly came under attack near the Oman coast. An audio message allegedly sent from the vessel, pleading for urgent help as the ship was sinking, has surfaced online. Omani forces carried out an airlift operation to rescue the crew members.

Share This Article