യൂറോപ്യൻ വീസയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ അനീഷ് ഉമ്മർ പിടിയിൽ

1 Min Read

മുണ്ടക്കയം: വീസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പൊലീസ് പിടിയിലായി. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി ഇയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു.

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ ആറുമാസത്തിനുള്ളിൽ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഏകദേശം 100 പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

വീസ ലഭ്യമാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെ തുടർന്ന് പരാതികൾ ഉയർന്നതോടെ അനീഷ് ഉമ്മർ ഒളിവിൽ പോയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് ട്രാവൽ ഏജൻസി നേരത്തെ അടച്ചുപൂട്ടുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ അനീഷിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. പരാതിക്കാരിൽ നിന്ന് ലഭിച്ച പണം എവിടേക്കാണ് മാറ്റിയത്, ആർക്കൊക്കെയാണ് കൈമാറിയത്, എന്തെല്ലാം ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്നതടക്കമുള്ള കാര്യങ്ങളിലാണ് ഇനി അന്വേഷണം കേന്ദ്രീകരിക്കുക.

English Summary

Travel agency owner Aneesh Ummer, who had been absconding in connection with an alleged visa fraud case, has been taken into custody by Mundakayam Police from Kozhikode. Around 100 complaints were received alleging that he collected between ₹5 lakh and ₹20 lakh from clients by promising European visas but failed to provide visas or refund the money.

Share This Article