ഇന്ത്യൻ റെയിൽവേയിൽ ചരിത്രപരമായ ഡിജിറ്റൽ വിപ്ലവം; 40 വർഷം പഴക്കമുള്ള ടിക്കറ്റ് ബുക്കിങ് സിസ്റ്റം ഓഗസ്റ്റ് മുതൽ അടിമുടി മാറും!

2 Min Read

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ നവീകരണത്തിന് തുടക്കമാകുന്നു. 1986 മുതൽ ഉപയോഗത്തിലിരിക്കുന്ന പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) പൂർണമായും നവീകരിച്ച് പുതിയ തലമുറ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനാണ് റെയിൽവേയുടെ തീരുമാനം. ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി പുതിയ സംവിധാനം നടപ്പാക്കും.

ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലാക്കുകയും ഒരേസമയം കൂടുതൽ ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. നിലവിലെ ബുക്കിങ് സേവനങ്ങൾ തടസ്സപ്പെടാതെയായിരിക്കും മാറ്റം നടപ്പാക്കുകയെന്ന് റെയിൽവേ വ്യക്തമാക്കി.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന്റെ ആവശ്യകത കുത്തനെ വർധിച്ച സാഹചര്യത്തിലാണ് പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംവിധാനം കൊണ്ടുവരുന്നത്. നിലവിൽ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന്റെ 88 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് നടക്കുന്നത്.

‘റെയിൽവൺ’ ആപ്പിന് വൻ സ്വീകാര്യത

റെയിൽവേയുടെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘റെയിൽവൺ’ ആപ്പിന് ഒരു വർഷത്തിനിടെ 3.5 കോടിയിലധികം ഡൗൺലോഡുകളാണ് ലഭിച്ചത്. ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, ട്രെയിൻ ലൈവ് സ്റ്റാറ്റസ്, പ്ലാറ്റ്ഫോം-കോച്ച് വിവരങ്ങൾ, പരാതിനൽകൽ തുടങ്ങി നിരവധി സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.

പ്രതിദിനം ശരാശരി 9.29 ലക്ഷം ടിക്കറ്റുകളാണ് റെയിൽവൺ വഴി ബുക്ക് ചെയ്യുന്നത്. ഇതിൽ 7.2 ലക്ഷം അൺറിസർവ്ഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസർവ്ഡ് ടിക്കറ്റുകളും ഉൾപ്പെടുന്നു.

എഐ വെയിറ്റ്‌ലിസ്റ്റ് പ്രവചനവും

ഈ വർഷം റെയിൽവൺ ആപ്പിൽ അവതരിപ്പിച്ച എഐ അധിഷ്ഠിത വെയിറ്റ്‌ലിസ്റ്റ് പ്രവചന സംവിധാനം യാത്രക്കാർക്ക് കൂടുതൽ സഹായകരമായി. വെയിറ്റ്‌ലിസ്റ്റിലുള്ള ടിക്കറ്റ് കൺഫേം ആകാനുള്ള സാധ്യത മുൻകൂട്ടി അറിയാൻ ഈ സംവിധാനത്തിന് കഴിയും. നിലവിൽ ഇതിന്റെ കൃത്യത 94 ശതമാനത്തിലെത്തിയെന്നാണ് റെയിൽവേയുടെ അവകാശവാദം.

പുതിയ റിസർവേഷൻ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ കോടിക്കണക്കിന് യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗതയേറിയതും കാര്യക്ഷമവും വിശ്വസനീയവുമാകുമെന്ന് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നു.

English Summary

Indian Railways is set to replace its four-decade-old Passenger Reservation System (PRS) with a modern digital platform starting this August. The upgrade aims to improve ticket booking speed, system capacity, and user experience. The move is part of Railways’ broader digital transformation, which includes the popular RailOne app and AI-based waitlist prediction features.

Share This Article