കൊച്ചി: മയക്കുമരുന്ന് കടത്ത് തടയാൻ പൊലീസ്, എക്‌സൈസ് വിഭാഗങ്ങൾ പരിശോധന ശക്തമാക്കുന്നതിനിടെ ലഹരി മാഫിയകൾ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കി രഹസ്യ സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ ഉപേക്ഷിച്ച് ആവശ്യക്കാർക്ക് വിവരം കൈമാറുന്ന രീതികളാണ് വ്യാപകമാകുന്നതെന്ന് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഇടപാട് ഉറപ്പിച്ച ശേഷം പൊതുസ്ഥലങ്ങളിലോ ആളൊഴിഞ്ഞ പ്രദേശങ്ങളിലോ ലഹരിവസ്തുക്കൾ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് അതിന്റെ കൃത്യമായ സ്ഥലം ഉപഭോക്താവിന് കൈമാറുകയും ചെയ്യുന്ന രീതിയാണ് ‘ഡ്രോപ്പ്’ എന്നറിയപ്പെടുന്നത്. സാധനം വെച്ചയാൾ സ്ഥലം വിട്ട ശേഷമാണ് വാങ്ങാനെത്തുന്നവർ അത് കൈപ്പറ്റുന്നത്.
പ്ലാസ്റ്റിക് സ്‌ട്രോകൾ, അലുമിനിയം ഫോയിൽ, സിഗരറ്റ് പാക്കറ്റുകൾ തുടങ്ങിയ സാധാരണ വസ്തുക്കൾ ഉപയോഗിച്ചാണ് ചിലർ ലഹരി വസ്തുക്കൾ ഒളിപ്പിച്ച് വിതരണം ചെയ്യുന്നതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സംശയം തോന്നാത്ത വിധത്തിൽ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇവ ഉപേക്ഷിച്ച് പിന്നീട് ചിത്രങ്ങളോ ലൊക്കേഷൻ വിവരങ്ങളോ അയച്ചുനൽകുന്നതാണ് രീതി.
‘പോയിന്റ് ടു പോയിന്റ്’ എന്ന മറ്റൊരു രീതിയിലും ലഹരി കൈമാറ്റം നടക്കുന്നുണ്ട്. ഇതിൽ ഒരാൾ മറ്റൊരാൾക്ക് കൈമാറുന്ന രീതിയിൽ നിരവധി ഘട്ടങ്ങളിലൂടെ ലഹരി അന്തിമ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. ശൃംഖലയിലെ അംഗങ്ങൾ പരസ്പരം നേരിട്ട് അറിയാത്ത വിധത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്.
നഗരങ്ങളിലെ മാളുകളുടെ പാർക്കിംഗ് ഏരിയകൾ, മെട്രോ പില്ലറുകൾ, പൊതുസ്ഥലങ്ങളിലെ അടയാളപ്പെടുത്തിയ ഭാഗങ്ങൾ തുടങ്ങിയവയും ലഹരി വസ്തുക്കൾ കൈമാറുന്നതിനുള്ള ‘ഡ്രോപ്പ് പോയിന്റുകളായി’ ഉപയോഗിക്കുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം പുതിയ രീതികൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊതുസ്ഥലങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും എക്‌സൈസ്, പൊലീസ് വിഭാഗങ്ങൾ നിർദേശിച്ചു.
English Summary:
Drug trafficking networks are adopting new methods to evade law enforcement agencies. Intelligence officials have identified the growing use of “drop” techniques, where narcotics are hidden in public places and buyers are later informed of the exact location. Items such as plastic straws, foil wraps and cigarette packs are reportedly being used to conceal drugs. Authorities have intensified surveillance to counter these evolving distribution tactics.
