ക്ലാസ് തുടങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മിന്നൽ ചുഴലി; കെട്ടിടം തകർന്നു, പെരിയാറിൽ കാണാതായ യുവാവിനായി തിരച്ചിൽ

2 Min Read

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തൃശൂരിൽ വീശിയ മിന്നൽചുഴലിയും അതിശക്തമായ കാറ്റും നിരവധി സ്ഥലങ്ങളിൽ ദുരിതം വിതച്ചു.

വില്ലടം, വിൽവട്ടം, ചേറൂർ മേഖലകളിലാണ് മിന്നൽചുഴലി ആഞ്ഞടിച്ചത്. ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിങ്ങിലേക്ക് നാല് തേക്കുമരങ്ങൾ വീണതോടെ വലിയ ആശങ്കയുണ്ടായി. രാവിലെ 8.30ഓടെയായിരുന്നു സംഭവം. ക്ലാസ് ആരംഭിക്കുന്നതിന് മുമ്പായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഓട്ടോറിക്ഷാ ഡ്രൈവർമാരും അധ്യാപകരും കുട്ടികളെ സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതോടെ അപകടസാധ്യത കുറയ്ക്കാനായി. എൽ.കെ.ജി. വിഭാഗത്തിന്റെ മേൽക്കൂര പൂർണമായും ഇളകിമാറുകയും സ്കൂൾ മുറ്റത്തെ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് തൃശൂർ മറ്റത്തൂരിൽ 10 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സർക്കാർ എൽ.പി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് കണ്ണൂർ നഗരത്തിൽ ഒരു കെട്ടിടവും മതിലും ഇടിഞ്ഞുവീണു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് അവ പതിച്ചത്. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ സ്ഥലത്ത് നിന്ന് മാറിയതിന് പിന്നാലെയായിരുന്നു സംഭവം. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

കോഴിക്കോട് തോട്ടുമുക്കം കിഴക്കേപറമ്പിൽ കനത്ത മഴയിൽ മണ്ണ് കുതിർന്നതിനെ തുടർന്ന് ഒരു വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലും മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും വെള്ളക്കെട്ട് തുടരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ഇതിനിടെ, പെരിയാറിൽ വള്ളം മറിഞ്ഞ് കാണാതായ ആലപ്പുഴ സ്വദേശി അഖിലിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. പെരുമ്പാവൂർ, കോതമംഗലം ഫയർഫോഴ്‌സ് സംഘങ്ങളുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. അഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടിരുന്നു.

English Summary

Heavy rain across Kerala has caused widespread damage. A lightning tornado in Thrissur uprooted trees and damaged a school building, while a building collapse in Kannur narrowly avoided casualties. Families were relocated from landslide-prone areas, waterlogging affected transport facilities, and rescue teams continue searching for a missing youth after a boat capsized in the Periyar River.

Share This Article