തിരുവനന്തപുരം: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ, വയറിളക്കരോഗങ്ങൾ, ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ 39 മരണങ്ങൾ രേഖപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 8,514 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ചികിത്സ തേടിയത്.
മരണങ്ങളിൽ 31 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിതരാണ്. ഈ മാസം മാത്രം 429 പേർ രോഗബാധയെ തുടർന്ന് ചികിത്സ തേടിയപ്പോൾ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 49 പേർ ഹെപ്പറ്റൈറ്റിസ് എയ്ക്കായി ചികിത്സ തേടുകയും ഒരു മരണം രേഖപ്പെടുത്തുകയും ചെയ്തു.
വയറിളക്കവും ഛർദ്ദിയും ഉൾപ്പെടെയുള്ള രോഗങ്ങളും സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 2.56 ലക്ഷം പേരാണ് വയറിളക്കരോഗങ്ങൾക്ക് ചികിത്സ തേടിയത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ നാല് മരണങ്ങൾ കഴിഞ്ഞ എട്ട് ദിവസത്തിനിടെയാണുണ്ടായത്. ഈ മാസം മാത്രം 20,794 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം 3,032 പേർ വയറിളക്കവും ഛർദ്ദിയും ബാധിച്ച് വിവിധ ആശുപത്രികളിലെത്തി.
ഈ വർഷം ഇതുവരെ 163 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.
മലിനമായ വെള്ളവും ഭക്ഷണവുമാണ് ജലജന്യ രോഗങ്ങളുടെ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം ഒഴിവാക്കണമെന്നും ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
രോഗപ്രതിരോധത്തിനായി ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ഭക്ഷണം മൂടിവെക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക, കിണറുകളും ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്യുക, തിളപ്പിച്ച വെള്ളമോ ശുദ്ധീകരിച്ച വെള്ളമോ മാത്രം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.
English Summary:
Kerala has reported 39 deaths due to water-borne diseases, including Hepatitis A, diarrhoeal diseases and Shigella, during the past six months. Of these, 31 deaths were linked to Hepatitis A. More than 2.56 lakh people sought treatment for diarrhoeal illnesses, while 163 Shigella cases and two related deaths were reported this year. Health authorities have urged the public to maintain food and water hygiene to prevent the spread of infections.
kerala-waterborne-diseases-39-deaths-six-months
Kerala Health, Hepatitis A, Shigella, Waterborne Diseases, Diarrhoea, Public Health, Health Department, Kerala News, Disease Outbreak, Medical Alert, Drinking Water Safety, Health Awareness
