തിരുവനന്തപുരം: സസ്‌പെൻഷൻ പിൻവലിച്ച പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനും സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും പുതിയ നിയമനം നൽകുന്നതിൽ ഇന്ന് ചേരുന്ന സിവിൽ സർവീസ് ബോർഡ് നിർണായക തീരുമാനമെടുക്കും. ഇരുവർക്കും പ്രധാന വകുപ്പുകളിൽ ചുമതല ലഭിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി V. D. Satheesan നൽകിയ നിർദ്ദേശങ്ങളും പരിഗണിച്ചായിരിക്കും തീരുമാനം.
ഇരുവരെയും സർവീസിലേക്ക് തിരിച്ചെടുക്കുന്ന ഫയലിൽ മുഖ്യമന്ത്രി ശനിയാഴ്ച ഒപ്പുവെച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സസ്‌പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ സർവീസ് ചട്ടപ്രകാരം ഇരുവർക്കുമെതിരെയുള്ള അച്ചടക്ക നടപടികൾ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുൻ ഇടത് സർക്കാർക്കെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് ബി. അശോകിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി എ. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷത്തിലേറെയായി സസ്‌പെൻഷനിലായിരുന്ന എൻ. പ്രശാന്തിന് ഒൻപത് ചാർജ് മെമ്മോകളും നൽകിയിരുന്നു.
ഇതിനിടെ, അച്ചടക്ക നടപടികൾ അവസാനിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം പൂർണമായും ഉൾപ്പെടുത്താതെയാണ് ഉത്തരവ് ഇറക്കിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 1969ലെ ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) ചട്ടം 24 പ്രകാരം അച്ചടക്ക നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്നത്തെ സിവിൽ സർവീസ് ബോർഡ് യോഗത്തിൽ ഇരുവർക്കുമുള്ള നിയമനങ്ങൾക്കൊപ്പം ഐ.എ.എസ് തലത്തിലുള്ള വ്യാപക അഴിച്ചുപണിക്കും സാധ്യതയുണ്ടെന്നാണ് ഭരണവൃത്തങ്ങൾ നൽകുന്ന സൂചന.
English Summary:
The Kerala Civil Service Board is set to decide new postings for senior IAS officers Dr. B. Ashok and N. Prasanth after their suspensions were revoked. The meeting is also expected to consider a broader administrative reshuffle at the IAS level. While both officers have been reinstated, disciplinary proceedings against them will continue as per service rules. The development follows the state government’s decision to bring the officers back into service after months of suspension.
