തൃശൂർ: നഗരത്തിലെ തിരക്കേറിയ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കബളിപ്പിച്ചുള്ള പണപ്പിരിവ് വ്യാപകമാകുന്നതായി പരാതി. ചായ കുടിക്കാനോ യാത്രാക്കൂലി നൽകാനോ മരുന്ന് വാങ്ങാനോ പണം വേണമെന്നാവശ്യപ്പെട്ടാണ് പലരും വഴിയാത്രക്കാരിൽ നിന്ന് പണം വാങ്ങുന്നത്.
തൃശൂർ ജനറൽ ആശുപത്രി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ശക്തൻ ബസ് സ്റ്റാൻഡ്, വടക്കെ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, തേക്കിൻക്കാട് മൈതാനം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം പണപ്പിരിവ് കൂടുതലായി നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ദയനീയമായ സാഹചര്യങ്ങൾ വിവരിച്ച് സഹായം അഭ്യർത്ഥിക്കുന്നതിനാൽ പലരും പണം നൽകാറുണ്ട്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെയും ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരെയും ലക്ഷ്യമിട്ടാണ് പലരും പ്രവർത്തിക്കുന്നത്.
കബളിപ്പിച്ച് പണം വാങ്ങുന്നവരിൽ ഭൂരിഭാഗവും മാന്യമായ വസ്ത്രധാരികളായ മധ്യവയസ്‌കരാണെന്നും ഇതരസംസ്ഥാനക്കാരും സംഘത്തിലുണ്ടെന്നുമാണ് ആരോപണം. രാവിലെ മുതൽ രാത്രി വരെ വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ചാണ് ഇവർ പണം ശേഖരിക്കുന്നത്.
ശനിയാഴ്ച രാവിലെ തൃശൂർ ജനറൽ ആശുപത്രിയിൽ അരമണിക്കൂറിനുള്ളിൽ ഒരാൾ പതിനഞ്ചിലധികം പേരിൽ നിന്ന് പണം വാങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. പത്ത് രൂപ ചോദിച്ചെങ്കിലും ചിലർ 50 രൂപ വരെ നൽകിയതായും വിവരമുണ്ട്.
ഇത്തരം സംഘങ്ങളിലെ ചിലർ മദ്യപിച്ച് പൊതുസ്ഥലങ്ങളിൽ വഴക്കുണ്ടാക്കുന്നതും പതിവാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. യഥാർഥത്തിൽ സഹായം ആവശ്യമുള്ളവരും ഇത്തരം തട്ടിപ്പുകൾ കാരണം അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നതായും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
English Summary:
Fraudulent money collection is reportedly increasing in busy public areas of Thrissur. Individuals approach commuters and hospital visitors asking for small amounts of money for tea, medicines, or travel expenses. Authorities and locals say some groups repeatedly use emotional stories to collect cash, raising concerns about public nuisance and exploitation.
