തിരുവനന്തപുരം: ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ ഹൃദയസ്പർശിയായ വീഡിയോ അപേക്ഷയ്ക്ക് പിന്നാലെ സഹായവാഗ്ദാനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞം സ്വദേശിനിയായ കുഞ്ഞ് റിവാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെയാണ് മുഖ്യമന്ത്രി നേരിട്ട് കുടുംബത്തെ ബന്ധപ്പെട്ടത്.
“ഞങ്ങൾക്കൊരു വീടുണ്ട്, മഴപെയ്താൽ ചോർന്നൊലിക്കും. അതിൽ കിടന്ന് ഉറങ്ങാൻ പറ്റുന്നില്ല. മുഖ്യമന്ത്രി ഞങ്ങൾക്കൊരു വീടുവച്ച് തരണം. ഞാൻ വലുതാകുമ്പോൾ പൈസ തരാം” എന്നായിരുന്നു റിവാനിയുടെ വീഡിയോയിലുള്ള അപേക്ഷ.
വീഡിയോ ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി റിവാനിയുടെ അമ്മ പ്രിയങ്കയെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ സ്ഥിതി അന്വേഷിക്കുകയും വീട് നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് എം. വിൻസന്റ് എം.എൽ.എയും കുടുംബവുമായി ബന്ധപ്പെട്ടു.
മുല്ലൂർ ഗവ. കെ.വി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിവാനി. വിഴിഞ്ഞം തെന്നൂർക്കോണം പ്രദേശത്തെ ചെറിയ ചായ്പുപോലുള്ള വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മഴക്കാലത്ത് വീട് മുഴുവൻ ചോർന്നൊലിക്കുകയും വെള്ളം കയറുകയും ചെയ്യുന്നത് പതിവാണെന്ന് കുടുംബം പറയുന്നു.
ഓട്ടോ ഡ്രൈവറായ റിഗിലിന്റെയും പ്രിയങ്കയുടെയും മകളായ റിവാനിയുടെ വീഡിയോ ചിത്രീകരിച്ചത് ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ഇവാനാണ്. പിന്നീട് അത് ക്ലാസ് ടീച്ചർ റിനിക്ക് അയച്ചുനൽകുകയും തുടർന്ന് വീഡിയോ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.
മുഖ്യമന്ത്രിയുടെ ഉറപ്പോടെ സ്വന്തമായി സുരക്ഷിതമായ ഒരു വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഈ കുടുംബം.
English Summary:
A heartfelt video appeal by first-standard student Rivani from Vizhinjam seeking a new house for her family has drawn the attention of Chief Minister V.D. Satheesan. Moved by the child’s request, the Chief Minister contacted her mother and assured support for building a new home. The family currently lives in a leaking house that becomes uninhabitable during heavy rains.
