വൃക്കയിലെ കല്ല് നീക്കാനെത്തിയ യുവാവ് മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണത്തിന് സമിതി

2 Min Read

കോഴിക്കോട്: വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നാരോപിച്ച് കുടുംബം രംഗത്ത്. നാദാപുരം വാണിമേൽ സ്വദേശി റീജിത്ത് എം.പി. (45) ആണ് മരിച്ചത്.

ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന് പകരം മറ്റൊരു ഭാഗത്താണ് ആദ്യം ശസ്ത്രക്രിയ നടത്തിയതെന്നും പിന്നീട് കുടുംബത്തിന്റെ അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് യൂറോളജി വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് തേടി. കൂടാതെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. നടപടി ഉറപ്പാക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റുവാങ്ങി.

2025 ഓഗസ്റ്റിലാണ് റീജിത്ത് ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇരു വൃക്കകളിലും കല്ലുകളുണ്ടായിരുന്നുവെന്നും വിവിധ ഘട്ടങ്ങളിലായി ശസ്ത്രക്രിയകളും തുടർചികിത്സകളും നടത്തിയിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അതേസമയം, രോഗിക്ക് ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ ഗുരുതരമായ അണുബാധയും ഇരു വൃക്കകളിലും വീക്കവും ഉണ്ടായിരുന്നുവെന്ന് യൂറോളജി വിഭാഗം വ്യക്തമാക്കി. അണുബാധ രക്തത്തിലും മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചതാണ് മരണകാരണമെന്ന് ബന്ധപ്പെട്ട ഡോക്ടർമാർ വിശദീകരിച്ചു.

സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായോയെന്ന കാര്യം അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ.

English Summary:
A 45-year-old man from Nadapuram, Kozhikode, died after undergoing treatment for kidney stones at Kozhikode Medical College Hospital. His family has alleged medical negligence, claiming that surgery was initially performed on the wrong side and that a subsequent procedure was conducted without proper consent. Hospital authorities have denied wrongdoing, stating that the patient had severe infection and complications in both kidneys. A three-member committee has been appointed to investigate the incident.

Share This Article