“നിയമങ്ങൾ ജീവിതം സുഗമമാക്കാനാണ്”; IVF കുട്ടിയുടെ അവസ്ഥയെ ‘കർണ്ണനോട്’ ഉപമിച്ച് ഹൈക്കോടതി! ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാൻ നിർണ്ണായക ഉത്തരവ്

2 Min Read

കൊച്ചി: ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച 14 വയസുകാരിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഇല്ലാത്തത് കുട്ടിക്കും കുടുംബത്തിനും മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

തമിഴ്നാട്ടിൽ താമസിക്കുന്ന ദമ്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ജനന-മരണ രജിസ്ട്രാർ, നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റിൽ ഭേദഗതി വരുത്താനുള്ള അപേക്ഷ നിരസിച്ചിരുന്നു.

ദമ്പതികൾ വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയത്താണ് ഐവിഎഫ് ചികിത്സയിലൂടെ കുട്ടി ജനിച്ചത്. പിന്നീട് ഇരുവരും വിവാഹിതരാവുകയും രണ്ടാമത്തെ കുട്ടിക്ക് പിതാവിന്റെ പേര് ഉൾപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് ആദ്യ കുട്ടിയുടെ സർട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ചേർക്കണമെന്ന ആവശ്യം ശക്തമായത്.

പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ കുടുംബക്കോടതിയിലൂടെ തെളിയിച്ച ശേഷമാണ് ദമ്പതികൾ വീണ്ടും അപേക്ഷ സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി, കുട്ടിയുടെ പേരിലും പിതാവിന്റെ പേരിലും ആവശ്യമായ ഭേദഗതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തി 30 ദിവസത്തിനകം പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചു.

ജീവിതത്തെ സുഗമമാക്കാനാണ് നിയമങ്ങൾ ഉള്ളതെന്നും മനുഷ്യരുടെ അവകാശങ്ങൾക്ക് തടസ്സമാകാൻ പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കുട്ടിയുടെ അവസ്ഥയെ മഹാഭാരതത്തിലെ കർണന്റെ ജീവിതാനുഭവങ്ങളോട് ഉപമിച്ചും കോടതി നിരീക്ഷണം നടത്തി.

English Summary:
The Kerala High Court has directed authorities to issue a revised birth certificate for a 14-year-old girl born through IVF, including her father’s name. The court observed that the absence of the father’s name in official records caused emotional distress to the child and her family. The order came after the parents, who later got married and established paternity through legal proceedings, challenged the registrar’s refusal to amend the birth record.

Share This Article