തിരുവനന്തപുരം: തലസ്ഥാനത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ 18കാരന് ദാരുണാന്ത്യം. പെരിങ്ങമല സ്വദേശിയായ ശിവസൂര്യയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശിവസൂര്യയുടെ സുഹൃത്തുക്കളായ അജിത്തിനെയും കാർത്തികിനെയും നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
നരുവാമൂടിന് സമീപം രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ച് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. തർക്കം കൈയാങ്കളിയായി മാറുന്നതിനിടെ ശിവസൂര്യ സമീപത്തുണ്ടായിരുന്ന കടയുടെ ഗ്ലാസ് ചില്ലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗ്ലാസ് തകർന്നു. പൊട്ടിയ ഗ്ലാസിന്റെ ഭാഗങ്ങൾ ശിവസൂര്യയുടെ വയറ്റിലേക്ക് ആഴത്തിൽ തുളച്ചുകയറിയതോടെ ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കായി എത്തിച്ചശേഷം ഇവർ ആശുപത്രിയിൽ നിന്ന് മാറിനിന്നതായാണ് വിവരം.
ശിവസൂര്യയുടെ നില ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലവും സംഘർഷത്തിന് കാരണമായ സാഹചര്യങ്ങളും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് യുവാക്കളെ കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
English Summary:
An 18-year-old youth, Shiva Soorya, died following a violent altercation among a group of youngsters near Naruvamoodu in Thiruvananthapuram. During the clash, he reportedly fell onto a shop’s glass panel, which shattered and caused fatal abdominal injuries. Two of his friends have been taken into custody, and police are continuing their investigation into the incident.
