വാഗമണ്ണിൽ കനത്ത കോടമഞ്ഞിൽ വഴിതെറ്റി കാട്ടിൽ കുടുങ്ങി മൂവാറ്റുപുഴ സ്വദേശികളായ യുവാക്കൾ; തൊട്ടുമുന്നിൽ ആഴമേറിയ ഗർത്തം! അഗ്നിരക്ഷാസേനയുടെ സാഹസിക രക്ഷാപ്രവർത്തനം ഇങ്ങനെ 

2 Min Read

തൊടുപുഴ: വാഗമണ്ണിലെ വിനോദയാത്രയ്ക്കിടെ വഴിതെറ്റി കാട്ടിൽ കുടുങ്ങിയ രണ്ട് യുവാക്കളെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശികളായ ശ്യാം ടി. കുഞ്ഞുമോൻ (31), നിഖിൽ ബിനു (23) എന്നിവരാണ് മണിക്കൂറുകളോളം വനത്തിനുള്ളിൽ കുടുങ്ങിയത്.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ മൂലമറ്റം–വാഗമൺ റൂട്ടിലെ പുള്ളിക്കാനത്തിന് സമീപമുള്ള എസ് വളവിലെത്തിയ ഇരുവരും ബൈക്ക് പാർക്ക് ചെയ്ത് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടെ വനമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നീട് കനത്ത കോടമഞ്ഞും ഇരുട്ടും വീണതോടെ തിരിച്ചുവരാനുള്ള വഴി കണ്ടെത്താനാകാതെ ഇവർ കുടുങ്ങി.

രാത്രി എട്ടോടെ യുവാക്കൾ മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാൽ പ്രദേശത്ത് മൊബൈൽ സിഗ്നൽ ലഭിക്കാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായി. ഇടയ്ക്ക് ലഭിച്ച സിഗ്നൽ ഉപയോഗിച്ച് ഗൂഗിൾ ലൊക്കേഷൻ അയച്ചെങ്കിലും അത് കൃത്യമല്ലായിരുന്നു.

തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ വനത്തിനുള്ളിലേക്ക് കടന്ന് ടോർച്ച് തെളിച്ചും ശബ്ദസൂചനകൾ നൽകിയും വ്യാപക തിരച്ചിൽ നടത്തി. ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ യുവാക്കളെ കണ്ടെത്താൻ സാധിച്ചു.

രക്ഷാപ്രവർത്തകർ എത്തിയ സ്ഥലത്തുനിന്ന് കുറച്ചുകൂടി മുന്നോട്ട് പോയിരുന്നെങ്കിൽ ഇരുവരും ആഴമേറിയ ഗർത്തത്തിലേക്ക് വീഴാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

ക്ഷീണിതരായ യുവാക്കളെ സുരക്ഷിതമായി റോഡിലെത്തിച്ച ശേഷം അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ ഫയർ സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾക്കൊപ്പമാണ് ഇവരെ വീട്ടിലേക്ക് അയച്ചത്. യുവാക്കളുടെ ബൈക്കും അഗ്നിരക്ഷാസേന സ്റ്റേഷനിലെത്തിച്ചു.

അഗ്നിരക്ഷാസേനാംഗങ്ങളായ കെ. സന്ദീപ്, ജിബി പി. വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

English Summary:
Two tourists from Muvattupuzha were rescued after getting lost in a forest area near Vagamon and remaining stranded for over four hours. Dense fog and darkness caused them to lose their way while exploring the area. Fire and Rescue Services conducted a search operation and safely brought them back, preventing a potentially serious accident near a deep gorge.



Share This Article