തിരുവനന്തപുരം: നിയമസഭയിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും സാമ്പത്തിക വിഷയങ്ങളും ചർച്ചയായതിനിടെ ബിജെപി എംഎൽഎ ബി.ബി. ഗോപകുമാറും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്‌പോര്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കണ്ടാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പേടിയാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടിയായി, ‘‘ഇഡിയെ കണ്ടാൽ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെയല്ല മോദി’’ എന്നായിരുന്നു ബി.ബി. ഗോപകുമാറിന്റെ പ്രതികരണം. ട്രംപിന്റെ മുന്നിലോ മറ്റേതെങ്കിലും ലോകനേതാവിന്റെ മുന്നിലോ ഇന്ത്യയുടെ നിലപാട് ശക്തമായി അവതരിപ്പിക്കാൻ കഴിവുള്ള നേതാവാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കേരളം ഭരിച്ച രണ്ട് മുന്നണികളുമാണ് ഉത്തരവാദികളെന്നും സംസ്ഥാനങ്ങൾക്ക് അർഹമായ ധനസഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും ഗോപകുമാർ സഭയിൽ ആരോപിച്ചു.
ഇതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ആർജെഡി എംഎൽഎ പി.കെ. പ്രവീണിന് സംസാരിക്കാൻ അവസരം നൽകുന്നതിന് മുമ്പ് ബിജെപി അംഗത്തെ ക്ഷണിച്ചതിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.
സ്പീക്കറുടെ നടപടി സഭാ ചട്ടങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്നും വാക്കൗട്ട് പ്രസംഗത്തിന് ശേഷമായിരുന്നു ബിജെപി അംഗത്തിന് അവസരം നൽകേണ്ടിയിരുന്നതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇത്തരമൊരു നടപടി കീഴ്‌വഴക്കമാകരുതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ബിജെപി അംഗം വി. മുരളീധരൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. ബഹളത്തിനിടെ സ്പീക്കർ ശ്രദ്ധക്ഷണിക്കൽ ഉൾപ്പെടെയുള്ള സഭാ നടപടികളിലേക്ക് കടന്നു.
English Summary
A heated exchange took place in the Kerala Assembly after BJP MLA B.B. Gopakumar responded to Opposition Leader Pinarayi Vijayan’s criticism of Prime Minister Narendra Modi. Gopakumar said Modi was not afraid of world leaders and took a swipe at Vijayan over ED investigations. The remarks triggered protests from opposition members, leading to disruptions in the House.

