കൊച്ചി: രാജ്യാന്തര ഫാഷൻ ബ്രാൻഡിന്റെ പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ യുവ മോഡൽ ക്വാറിയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങളും ഫാഷൻ ബ്രാൻഡ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പും തമ്മിലുള്ള വൈരുധ്യമാണ് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നത്.
കഴിഞ്ഞ മേയ് 28-നാണ് രാജ്യാന്തര ഫാഷൻ ബ്രാൻഡായ ‘കാർത്തിക് റിസർച്ചി’യുടെ ഡൽഹി സ്റ്റോർ മാനേജരും മോഡലുമായ ദിവ്യാൻഷു ജോഷി (26) എറണാകുളം ജില്ലയിലെ മുടക്കുഴ പെട്ടമലയിലെ ഉപയോഗശൂന്യമായ പാറക്കുളത്തിൽ മുങ്ങിമരിച്ചത്. ബ്രാൻഡിന്റെ സ്ഥാപകനും ഡിസൈനറുമായ കാർത്തിക് കുമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയത്.
പ്രാദേശിക ഏകോപനം കൊച്ചിയിലെ റബർബ്രാൻഡ് പ്രൊഡക്ഷൻസിനായിരുന്നു. എന്നാൽ, സംഘത്തിലെ മറ്റുള്ളവർ എത്തുന്നതിന് മുമ്പ് ദിവ്യാൻഷു പാറമടയിലേക്ക് ഇറങ്ങിയതും അപകടത്തിൽപ്പെട്ടതുമാണെന്നാണ് കോടനാട് പൊലീസിന്റെ വിശദീകരണം.
അതേസമയം, അപകടസമയത്ത് ഡിസൈനർ, ഡയറക്ടർ, ഫോട്ടോഗ്രാഫർ എന്നിവരടങ്ങിയ സംഘം സമീപത്തുണ്ടായിരുന്നുവെന്നാണ് ബ്രാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. ദിവ്യാൻഷു വെള്ളത്തിൽ മുങ്ങുന്നത് കണ്ടതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നുമാണ് ബ്രാൻഡിന്റെ വിശദീകരണം.
അപകടസമയത്ത് എത്രപേർ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് അന്വേഷണത്തിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പരസ്യ ചിത്രീകരണം നടന്നില്ലെന്നും ലൊക്കേഷൻ പരിശോധന മാത്രമാണ് നടന്നതെന്നും ബ്രാൻഡും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
ലാക്മേ ഫാഷൻ വീക്കിൽ ഉൾപ്പെടെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ദിവ്യാൻഷു ജോഷി മോഡലിംഗിനൊപ്പം ഭരതനാട്യം നർത്തകനായും ശ്രദ്ധ നേടിയിരുന്നു.
നിരോധിതവും അപകടസാധ്യതയുള്ളതുമായ മേഖലയിലേക്ക് ആവശ്യമായ അനുമതികളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ സംഘത്തെ എത്തിച്ചതിൽ വീഴ്ചയുണ്ടായോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary
Questions have emerged over the death of model and fashion professional Divyanshu Joshi, who drowned in an abandoned quarry in Kerala while accompanying a team from international fashion brand Karthik Research. Discrepancies between the police version and the brand’s official statement regarding who was present at the scene have raised concerns. Authorities continue to investigate the circumstances surrounding the incident.

