ന്യൂഡൽഹി: 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിന്റെ ലക്ഷ്യം വേശ്യാവൃത്തിയെ നിരോധിക്കുകയോ അതിനെ ക്രിമിനൽ കുറ്റമാക്കുകയോ അല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണവും ചൂഷണവും തടയുന്നതിനായാണ് നിയമം കൊണ്ടുവന്നതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ജെ.ബി. പർഡിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് സുപ്രധാനമായ ഈ വിധിപ്രസ്താവം നടത്തിയത്. നിയമത്തിന്റെ ഉദ്ദേശ്യം കുറ്റകൃത്യങ്ങളിൽ നിന്ന് ലാഭം നേടുന്നവരെയും ചൂഷണ ശൃംഖലകളെയും ശിക്ഷിക്കുന്നതാണെന്നും, വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന വ്യക്തികളെ ശിക്ഷിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
നിയമത്തിലെ 7, 8 വകുപ്പുകളെ കുറിച്ചും കോടതി വിശദീകരണം നൽകി. പൊതുസ്ഥലങ്ങളിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതും പൊതുസ്ഥലങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും മാത്രമാണ് കുറ്റകരമാകുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം ‘വേശ്യാലയം’ എന്ന നിർവചനത്തെക്കുറിച്ചും കോടതി വ്യക്തത വരുത്തി. ഒരു സ്ത്രീ മറ്റാരുടെയും സഹായമോ ചൂഷണമോ ഇല്ലാതെ സ്വന്തം ഉപജീവനത്തിനായി വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ഥലം വേശ്യാലയമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
English Summary
The Supreme Court has clarified that the Immoral Traffic (Prevention) Act, 1956, does not seek to prohibit or criminalize prostitution itself. The law is intended to curb commercial exploitation and trafficking related to prostitution. The court also observed that a woman independently engaging in sex work for her livelihood cannot automatically make her residence a brothel under the law.

