വീണയ്ക്ക് പണം കിട്ടി ദിവസങ്ങൾക്കകം കൈമാറ്റം; എക്സാലോജിക്കിൽ നിന്ന് എംപവർ ഇന്ത്യയിലേക്ക് പണം പോയതിന്റെ ബാങ്ക് രേഖകൾ പുറത്ത്!

2 Min Read
2 Min Read

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് പ്രതിഫലമായി ലഭിച്ച 2.78 കോടി രൂപയിൽ 45 ലക്ഷം രൂപ ശശിധരൻ കർത്തായുടെ നോൺ-ബാങ്കിങ് ഫിനാൻസ് സ്ഥാപനമായ എംപവർ ഇന്ത്യ ലിമിറ്റഡിലേക്ക് ടി. വീണയുടെ എക്സാലോജിക് കമ്പനി കൈമാറിയതിന്റെ തെളിവുകൾ പുറത്തുവന്നു. എസ്എഫ്ഐഒ റിപ്പോർട്ടിനൊപ്പം സമർപ്പിച്ച ബാങ്ക് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റിപ്പോർട്ടിലെ ചാർട്ട് പ്രകാരം, സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയ ഓരോ തവണയും നാല് മുതൽ 21 ദിവസം വരെയുള്ള ഇടവേളയിൽ അതിൽ നിന്ന് തുക എംപവർ ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ശശിധരൻ കർത്താ വീണയ്ക്ക് രണ്ട് ഘട്ടങ്ങളിലായി നൽകിയ 50 ലക്ഷം രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതിനായി സിഎംആർഎൽ ഫണ്ടുകൾ ഉപയോഗിച്ചെന്ന ആരോപണത്തിന് ഈ രേഖകൾ കരുത്തേകുന്നതാണെന്നാണ് വിലയിരുത്തൽ.

വായ്പ തിരിച്ചടവിനായി 45 ലക്ഷം രൂപ എംപവർ ഇന്ത്യയ്ക്ക് കൈമാറിയതിന് പുറമെ, 2.33 കോടി രൂപ വീണയുടെയും എക്സാലോജിക്കിന്റെയും കൈവശം എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2019 ഫെബ്രുവരി വരെ എക്സാലോജിക്കിനും 2020 വരെ വീണയ്ക്കും സിഎംആർഎൽ പ്രതിഫലം നൽകിയിരുന്നു. പിന്നീട് കമ്പനി നഷ്ടത്തിലാവുകയും പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.

സിഎംആർഎൽ വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് 3 ലക്ഷം രൂപയുമായിരുന്നു നൽകിയിരുന്നത്. 2017-ൽ ആരംഭിച്ച കരാറിന്റെ അടിസ്ഥാനത്തിൽ 2019 ജനുവരി വരെ ലഭിച്ച പ്രതിഫലത്തിൽ നിന്നാണ് എംപവർ ഇന്ത്യയിലേക്ക് തുക കൈമാറിയത്. 2017 മേയ് 4ന് ലഭിച്ച ആദ്യ 3 ലക്ഷം രൂപ അഞ്ചു ദിവസത്തിനകം തന്നെ എംപവർ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും രേഖകളിൽ കാണുന്നു.

2019 ജനുവരിയിൽ സിഎംആർഎല്ലിൽ ആദായനികുതി റെയ്ഡ് നടക്കുന്നതുവരെ ഈ ഇടപാടുകൾ തുടർന്നു. അതോടെ 45 ലക്ഷം രൂപ എംപവർ ഇന്ത്യയിലേക്ക് കൈമാറിക്കഴിഞ്ഞിരുന്നു. കൂടാതെ, 2016 നവംബറിൽ എക്സാലോജിക് തിരിച്ചടച്ച 4 ലക്ഷം രൂപയും ചേർത്താൽ ആകെ 49 ലക്ഷം രൂപ എംപവറിന് ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. 12 ശതമാനം പലിശയോടെയായിരുന്നു 50 ലക്ഷം രൂപയുടെ വായ്പ നൽകിയിരുന്നത്. സിഎംആർഎല്ലിൽ റെയ്ഡ് നടന്നില്ലെങ്കിൽ പലിശയും ഈടാക്കാനാകുമായിരുന്നുവെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.

English Summary

Banking records attached to the SFIO report indicate that Exalogic transferred ₹45 lakh from the ₹2.78 crore received from CMRL to Empower India Ltd, a non-banking finance company owned by Sashidharan Kartha. The records show that funds were moved within 4 to 21 days of each payment received from CMRL. Investigators believe the transactions were linked to the repayment of a ₹50 lakh loan provided by Kartha. The Enforcement Directorate is also examining the utilization of the remaining funds received by Veena and Exalogic.

Share This Article