കുക്കു പരമേശ്വരൻ വഴിവിട്ട് ഇടപെട്ടു, ഉണ്ണി ശിവപാൽ ഭീഷണിപ്പെടുത്തി; ഫോൺ സംഭാഷണം പുറത്തുവിട്ട് അതുല്യ

1 Min Read
1 Min Read

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ പുതിയ വിവാദത്തിന് വഴിവെച്ച് ഓഫീസ് ജീവനക്കാരി പി. അതുല്യയുടെ പരാതി. സംഘടനയുടെ ഭാരവാഹികളായ നീനാ കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കും ജില്ലാ ലേബർ ഓഫീസർക്കുമാണ് അതുല്യ പരാതി നൽകിയത്.

സംഘടനയിലെ ചില ഭാരവാഹികളിൽ നിന്ന് പ്രതികാര നടപടികൾ നേരിടേണ്ടി വന്നതായും തനിക്കെതിരെ ഗൂഢാലോചനയും ഭീഷണിയും നടന്നതായുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഫോൺ സംഭാഷണങ്ങളും ശബ്ദരേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കൊപ്പം സമർപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.

ഉണ്ണി ശിവപാലിന് അനുകൂലമായി കുക്കു പരമേശ്വരൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന ആരോപണവും പരാതിയിലുണ്ട്. തനിക്കെതിരായ നീക്കങ്ങളെക്കുറിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്നതായി പറയുന്ന ഫോൺ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ ഉണ്ണി ശിവപാലിനെതിരെ തൊഴിൽപീഡന പരാതി ഉയർന്നതോടെയാണ് ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങൾ പുറത്തുവന്നത്. തുടർന്ന് അതുല്യയെ ജോലിയിൽ നിന്ന് പുറത്താക്കിയെങ്കിലും നടപടി വിവാദമായതോടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അവരെ തിരിച്ചെടുക്കുകയായിരുന്നു.

ജോലിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് അതുല്യ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്. പുതിയ പരാതിയോടെ ‘അമ്മ’യിലെ വിവാദങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.

English Summary:

AMMA office employee P. Athulya has filed complaints against office-bearers Nina Kurup, Kukku Parameswaran, and Unni Sivapal before the City Police Commissioner and District Labour Officer. She alleges retaliation, conspiracy, and intimidation by certain office-bearers and has reportedly submitted audio recordings and phone conversations as evidence. The complaint comes amid ongoing controversies within the actors’ association.

Share This Article