“കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്; വിജയനും കുടുംബത്തിനും ആശംസകൾ!”: പിണറായിയെ പരിഹസിച്ച് പി.സി. ജോർജ് 

1 Min Read
1 Min Read

തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന പുരോഗമിക്കുന്നതിനിടെ മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. ബൈബിളിലെ പഴയ നിയമത്തിലെ പരാമർശം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന പുതിയ നിയമത്തേക്കാൾ എനിക്കിഷ്ടം, കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് പഠിപ്പിക്കുന്ന പഴയ നിയമമാണ്. വിജയനും കുടുംബത്തിനും ആശംസകൾ” എന്നായിരുന്നു പി.സി. ജോർജ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.

പി.സി. ജോർജിന്റെ മകനും രാഷ്ട്രീയ പ്രവർത്തകനുമായ ഷോൺ ജോർജ് മാസപ്പടി ആരോപണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് വിവിധ കോടതികളെ സമീപിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.

പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. സി.എം.ആർ.എൽ ഓഫീസ് ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നാണ് വിവരം.

സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ വസതിയിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന തുടരുകയാണ്. കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി ശക്തമായത്.

ഇതിനിടെ പരിശോധനക്കെതിരെ സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിലും കോഴിക്കോട്ട് എം. മെഹബൂബിന്റെ നേതൃത്വത്തിലും പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇഡി നടപടി ബിജെപിയും കോൺഗ്രസും ചേർന്നുള്ള രാഷ്ട്രീയ നീക്കമാണെന്നാരോപിച്ചാണ് പ്രതിഷേധം.

English Summary: Former MLA P.C. George mocked opposition leader Pinarayi Vijayan amid ED raids linked to the monthly payment controversy. CPM leaders staged protests, alleging the raids were politically motivated following the High Court’s nod for continued investigation.

Share This Article