പൂനെ: 850 രൂപ വിലയുള്ള ഒരു പെട്ടി മാമ്പഴത്തെച്ചൊല്ലിയുണ്ടായ കുടുംബ തർക്കം മഹാരാഷ്ട്രയിലെ പൂനെയിൽ അക്രമാസക്തമായി. ഭർത്താവ് തന്നെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി.
മെയ് 24 രാവിലെ നഗരത്തിലെ ദമ്പതികളുടെ വസതിയിലായിരുന്നു സംഭവം. ഹൗസിംഗ് സൊസൈറ്റിക്ക് പുറത്തുള്ള കച്ചവടക്കാരനിൽ നിന്ന് യുവതി ഒരു പെട്ടി മാമ്പഴം വാങ്ങിയിരുന്നു. പണം അടയ്ക്കുന്നതിനായി ക്യൂആർ കോഡ് ഭർത്താവിന് അയച്ചുകൊടുത്തെങ്കിലും മാമ്പഴത്തിന് പണം നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നാണ് പരാതി.
ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് അത് കടുത്ത വഴക്കിലേക്ക് മാറുകയും ചെയ്തു. തർക്കത്തിനിടെ യുവതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഭർത്താവ് പ്രകോപിതനായതായി പൊലീസ് പറയുന്നു.
പരാതിപ്രകാരം, ഭർത്താവ് യുവതിയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി മർദിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മുഖത്ത് പരിക്കേറ്റതായും തുടർന്ന് ഭർത്താവ് വീട്ടിൽ നിന്ന് പുറത്തുപോയതായും പരാതിയിൽ പറയുന്നു.
ശേഷം യുവതി പൊലീസിൽ പരാതി നൽകുകയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂനെ പൊലീസ് ഭർത്താവിനെതിരെ മനഃപൂർവം പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 118(1), 351(2) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: A domestic dispute over an ₹850 mango box turned violent in Pune after a husband allegedly assaulted his wife during an argument over payment. Police have registered a case under relevant sections of the Bharatiya Nyaya Sanhita and launched an investigation.

