facebook

കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം; കരട് പട്ടിക നവംബർ 12ന്

2 Min Read

ന്യൂഡൽഹി: കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പരിഷ്കരണം (എസ്എസ്ആർ – സ്പെഷ്യൽ സമ്മറി റിവിഷൻ ) പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.

എസ്ഐആർ (സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ – സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം )നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും ഡിസംബർ 11 വരെ അറിയിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി നാലിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

എസ്ഐആറിന് പിന്നാലെ എസ്എസ്ആർ

രാജ്യത്ത് എസ്ഐആറുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പ്രഖ്യാപനം. വർഷംതോറും നടത്തുന്ന സാധാരണ വോട്ടർ പട്ടിക പരിഷ്കരണമാണ് സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ).

പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അർഹതയില്ലാത്തവരുടെയോ ഒഴിവാക്കേണ്ടവരുടെയോ പേരുകൾ നീക്കം ചെയ്യുന്നതിനുമാണ് ഈ നടപടിക്രമം. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇത്തവണ എസ്എസ്ആർ നടത്തുക.

കരട് പട്ടിക നവംബർ 12ന്

പരിഷ്കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടിക പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾക്കും പരാതികൾക്കും പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.

ഡിസംബർ 11 വരെയാണ് അഭിപ്രായങ്ങളും പരാതികളും അറിയിക്കാനുള്ള സമയപരിധി.തുടർന്നുള്ള നടപടികൾ പൂർത്തിയാക്കിയശേഷം അന്തിമ വോട്ടർ പട്ടിക ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

എസ്എസ്ആർ നടപ്പാക്കുന്ന സംസ്ഥാനങ്ങൾ

കേരളത്തിന് പുറമെ അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും എസ്എസ്ആർ നടപ്പാക്കും.

കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയും പട്ടികയിലുണ്ട്.

English Summary : The Election Commission of India has announced a Special Summary Revision (SSR) of electoral rolls in 17 states and Union Territories, including Kerala, where the Special Intensive Revision (SIR) has been completed. The draft electoral rolls will be published on November 12, with objections and suggestions accepted until December 11. The final electoral rolls are scheduled for publication on January 4.

Share This Article