facebook

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്നു; 58കാരൻ അറസ്റ്റിൽ

2 Min Read
കൊല്ലപ്പെട്ട സാവിത്രിയും പ്രതി മുഹമ്മദ്‌ റാഫിയും. കടപ്പാട് : മലയാള മനോരമ

തൃശൂർ: കാറളത്ത് വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കാറളം മൃഗാശുപത്രിക്ക് സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയെ കൊലപ്പെടുത്തിയ കേസിലാണ് തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയെ (58) പൊലീസ് പിടികൂടിയത്.

സാവിത്രിയുടെ മകന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് പ്രതി. സാമ്പത്തിക ബാധ്യതകളുള്ള റാഫി സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടതും അത് നൽകാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

സാവിത്രിയെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്

ചൊവ്വാഴ്ചയാണ് സാവിത്രി കൊല്ലപ്പെട്ടത്. വീട്ടിലെ ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്ന സാവിത്രിയുടെ സാരിത്തലപ്പ് ഉപയോഗിച്ച് പ്രതി കഴുത്തുഞെരിക്കുകയായിരുന്നു.

മരണം ഉറപ്പാക്കാൻ തലയിണ ഉപയോഗിച്ച് മുഖത്ത് അമർത്തിപ്പിടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.കൊലപാതകത്തിനുശേഷം സാവിത്രി ധരിച്ചിരുന്ന ആറ് സ്വർണവളകളും ഒരു മാലയും പ്രതി ഊരിയെടുത്തു. തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി മുറിയിൽ മുളകുപൊടി വിതറിയശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പേരക്കുട്ടി കണ്ടത് മുത്തശ്ശിയുടെ മൃതദേഹം

സ്കൂൾ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി റിതികയാണ് സാവിത്രിയെ മുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ ആദ്യം കണ്ടത്. വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് വീട്ടുകാരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടർന്ന് അടുക്കളവാതിൽ വഴി അകത്തുകയറിയപ്പോഴാണ് സാവിത്രിയെ കണ്ടെത്തിയത്. ഈ സമയത്ത് ഇളയ മകൻ സുമേഷും ഭാര്യ രേഷ്മയും സുമേഷിന്റെ അച്ഛനുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.

സ്വർണം ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്ന് കൊലപാതകം

സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന പ്രതി റാഫി, സാവിത്രിയോട് പണയംവയ്ക്കാനായി സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭരണങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. സംഘം മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് റാഫിയെ അറസ്റ്റ് ചെയ്തത്.

English Summary : A 58-year-old man, Muhammad Rafi, was arrested in connection with the murder of Savithri at her house in Karalam, Thrissur. Police said the accused, who had financial liabilities, allegedly killed her after she refused to give him gold jewellery to pawn. He allegedly strangled her, took six gold bangles and a chain, and scattered chilli powder in the room to destroy evidence. Savithri’s granddaughter discovered her body after returning from school.

Share This Article