facebook

പക്ഷാഘാതം തളർത്തിയ ശരീരത്തിൽ നാല് മണിക്കൂർ വിഷപ്പാമ്പ്; അനങ്ങാനാകാതെ വയോധികൻ; ഒടുവിൽ അദ്ഭുത രക്ഷപ്പെടൽ!

1 Min Read

കട്ടക്ക്: പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന വയോധികന്റെ ശരീരത്തിൽ വിഷപ്പാമ്പ് ചുറ്റിവരിഞ്ഞ് നാല് മണിക്കൂറോളം കിടന്നിട്ടും കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിലെ ബൗദ്ധ് ജില്ലയിലെ അഡേനിഗഡ് ഗ്രാമത്തിൽ താമസിക്കുന്ന കൃഷ്ണ ചന്ദ്ര സാഹുവിനാണ് ഈ അപൂർവ അനുഭവം ഉണ്ടായത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പക്ഷാഘാതത്തെ തുടർന്ന് ശരീരം കാര്യമായി അനക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന സാഹു ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ശരീരത്തിലൂടെ എന്തോ ഇഴയുന്നതായി അനുഭവപ്പെട്ടത്. കണ്ണുതുറന്ന് നോക്കിയപ്പോൾ ഒരു വിഷപ്പാമ്പ് ശരീരത്തിൽ കയറി കിടക്കുന്നതാണ് കണ്ടത്.

ശരീരം ചലിപ്പിക്കാൻ കഴിയാത്തതിനാൽ രക്ഷപ്പെടാനോ പാമ്പിനെ തട്ടിമാറ്റാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇതിനിടെ പാമ്പ് അദ്ദേഹത്തിന്റെ കൈയിലും സമീപത്തെ കട്ടിലിലുമായി ചുറ്റിവരിഞ്ഞ് കിടക്കുകയായിരുന്നു. കൈ അനക്കാൻ ശ്രമിച്ചതോടെ പാമ്പ് കൂടുതൽ മുറുകെ ചുറ്റിപ്പിടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഭയന്ന സാഹുവിന്റെ നിലവിളി കേട്ടാണ് കുടുംബാംഗങ്ങൾ ഓടിയെത്തിയത്. പെട്ടെന്നുള്ള ചലനങ്ങൾ പാമ്പിനെ പ്രകോപിപ്പിക്കുമെന്നതിനാൽ ഏറെ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ സുരക്ഷിതമായി മാറ്റാനായത്.

നാല് മണിക്കൂറിലേറെ നേരം വിഷപ്പാമ്പിനൊപ്പം കഴിയേണ്ടിവന്നിട്ടും ഒരുതവണ പോലും കടിയേൽക്കാതിരുന്നത് നാട്ടുകാരെ അമ്പരപ്പിച്ചു. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് സാഹു ഇതുവരെ പൂർണമായി മുക്തനായിട്ടില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

പിടികൂടിയ പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു. അത്യന്തം അപകടകരമായ സാഹചര്യത്തിൽ നിന്ന് ജീവൻ രക്ഷപ്പെട്ട സാഹുവിന്റെ അനുഭവം പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

Share This Article