മൊഗാദിഷു: സോമാലിയൻ തീരത്ത് ചരക്കുകപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കാമറൂൺ പതാകയുള്ള ‘എം.വി. ലുതുഫ്’ എന്ന കപ്പലാണ് പൻഡ്ലാൻഡ് തീരത്തുനിന്ന് പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരിൽ ആറുപേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു.
സോമാലിയൻ തീരത്ത് കപ്പൽ റാഞ്ചി
പോളാർ മൂവ്മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് എത്തിക്കേണ്ട സൈനിക ഉപകരണങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും സാറ്റലൈറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
പൻഡ്ലാൻഡിലെ ഐൽ ജില്ലയിൽ മരയ്യ തീരത്തുനിന്ന് ഏകദേശം മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ തിങ്കളാഴ്ച സോമാലിയൻ തീരത്ത് കപ്പൽ റാഞ്ചിയത്.
ആറു ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ ബന്ദികൾ
കപ്പലിലെ ജീവനക്കാരിൽ ആറു ഇന്ത്യക്കാർക്ക് പുറമെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമുണ്ട്.
കഴിഞ്ഞ ഏപ്രിൽ 26ന് ‘എം.വി. സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ടവരാണ് പുതിയ സംഭവത്തിനും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കപ്പൽ ഗാർമാൽ തീരത്തേക്ക് മാറ്റി
റാഞ്ചിയ കപ്പൽ നിലവിൽ പൻഡ്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് മാറ്റിയതായാണ് വിവരം.
സംഭവത്തിന് പിന്നാലെ തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ പ്രദേശത്തെത്തി. കൂടാതെ, തുർക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.
കപ്പലിന് സമീപം ചെറിയ ബോട്ടെത്തി
ഇതിനിടെ, ചൊവ്വാഴ്ച ഒരു ചെറിയ ബോട്ടിൽ രണ്ടുപേർ കപ്പലിന് സമീപമെത്തി. കടൽക്കൊള്ളക്കാർക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഖാത്’ എന്ന ഉത്തേജകവസ്തു ഇവർ എത്തിച്ചുനൽകിയെന്നാണ് റിപ്പോർട്ട്.
ബോട്ട് തീരത്തേക്ക് മടങ്ങിയതിന് പിന്നാലെ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ വ്യോമാക്രമണം നടത്തിയത് ആരാണെന്നോ കൊല്ലപ്പെട്ടവർ കപ്പൽ റാഞ്ചിയ സംഘവുമായി ബന്ധപ്പെട്ടവരാണോയെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, സംഭവത്തിൽ തുർക്കി അധികൃതരും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കപ്പലിലെ ജീവനക്കാരുടെ സുരക്ഷയും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളും സംബന്ധിച്ച് വ്യക്തത വരാനുണ്ട്.
