ലണ്ടൻ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന പങ്കുവെച്ച ഒരു വ്യക്തിപരമായ അനുഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ടെസ്റ്റ് മത്സരത്തിനിടെ തനിക്ക് ആർത്തവം ആരംഭിച്ചതിനെ തുടർന്ന് സാനിറ്ററി പാഡ് മാറ്റാനായി ഗ്രൗണ്ടിന് പുറത്തുപോകാൻ അംപയർമാരുടെ അനുമതി തേടേണ്ടി വന്നതായി താരം വെളിപ്പെടുത്തി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സ്മൃതി തന്റെ അനുഭവം തുറന്നുപറഞ്ഞത്. വെള്ള ടെസ്റ്റ് ജഴ്സി ധരിച്ചിരുന്ന സാഹചര്യത്തിൽ അടിയന്തരമായി മൈതാനം വിടേണ്ടിവന്നെന്നും അതിനായി അംപയർമാരെ സമീപിച്ചെന്നും താരം പറഞ്ഞു. ഇതുമൂലം മത്സരം പത്ത് മിനിറ്റിലേറെ നേരം തടസപ്പെട്ടതായും അവർ വ്യക്തമാക്കി.
ഇന്ത്യയ്ക്കായി കളിക്കുമ്പോൾ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്ന ഉത്തരവാദിത്തമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും, പലപ്പോഴും ശാരീരിക അസ്വസ്ഥതകൾക്കിടയിലും വനിതാ താരങ്ങൾ കളി തുടരേണ്ട സാഹചര്യം നേരിടാറുണ്ടെന്നും സ്മൃതി പറഞ്ഞു.
വനിതാ കായികതാരങ്ങൾ നേരിടുന്ന ഇത്തരം അനുഭവങ്ങൾ പൊതുവേദികളിൽ അധികം ചർച്ച ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ സ്മൃതിയുടെ തുറന്നുപറച്ചിൽ വനിതാ കായികരംഗത്ത് ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.
അതേസമയം, ഒരു താരത്തിന് ആർത്തവം പോലുള്ള ആരോഗ്യപരമായ കാരണങ്ങളാൽ കളം വിടേണ്ടി വന്നാൽ ക്രിക്കറ്റ് നിയമങ്ങൾ എങ്ങനെ ബാധകമാകുമെന്ന ചർച്ചയ്ക്കും സംഭവം വഴിവച്ചിട്ടുണ്ട്. നിലവിലെ ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം, അംപയർമാർ ന്യായമായ കാരണമാണെന്ന് വിലയിരുത്തുന്ന സാഹചര്യങ്ങളിൽ താരങ്ങൾക്ക് താത്കാലികമായി മൈതാനം വിടാൻ അനുമതി നൽകാം. എന്നാൽ ആർത്തവവുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ നിയമങ്ങളിൽ വ്യക്തമല്ല.
സ്മൃതിയുടെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് നിരവധി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തി. വനിതാ താരങ്ങൾ നേരിടുന്ന യാഥാർഥ്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് സമൂഹമാധ്യമങ്ങളിൽ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.
English Summary:
India women’s cricket vice-captain Smriti Mandhana has revealed that she had to leave the field during a Test match after her menstrual cycle began and she needed to change a sanitary pad. Sharing the experience on Instagram, Mandhana highlighted the challenges faced by women athletes and sparked discussions about menstrual health and the absence of specific provisions in cricket regulations regarding such situations.
