കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ സ്വാഗതം ചെയ്ത് ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ് രംഗത്ത്. ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ തടയാൻ കഴിയില്ലെന്നും കേസിൽ കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി അന്വേഷണവും നിയമനടപടികളും തടയാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നടത്തിയ അന്വേഷണത്തിൽ തന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ സൂചനകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വീണ വിജയൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ഇടപാടുകളെക്കുറിച്ചും ഷോൺ ജോർജ് വിമർശനമുന്നയിച്ചു. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ സർക്കാർ പങ്കാളിത്തമുള്ള സ്ഥാപനവുമായി സാമ്പത്തിക ഇടപാട് നടത്തിയത് തെറ്റാണെന്നും അതിൽ ക്രമക്കേടുകൾ ഉണ്ടായിരുന്നെങ്കിൽ അത് കൂടുതൽ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഡി അന്വേഷണത്തിന് നിയമപരമായ തടസ്സമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവച്ചതോടെയാണ് അന്വേഷണം തുടരാനുള്ള വഴി കൂടുതൽ തെളിഞ്ഞത്.
English Summary
BJP leader and complainant Shaun George welcomed the Kerala High Court Division Bench ruling allowing the Enforcement Directorate (ED) to continue its probe in the CMRL-Exalogic monthly payment case. He claimed that attempts to block the investigation over the past two years had failed and said the ED may now move towards further action. Shaun George also alleged irregularities involving Veena Vijayan, though these allegations remain under investigation and have not been proven in court. The High Court recently upheld a single bench order permitting the ED investigation to proceed.
