പ്രിയങ്ക ഗാന്ധി പരാമർശം ലോക്സഭയിൽ ചർച്ചയായിരിക്കുകയാണ്. പരീക്ഷാ പരിഷ്കരണവുമായി ബന്ധപ്പെട്ട ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെക്കുറിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശവും അതിനെതിരെ ബിജെപി നേതാവ് അനുരാഗ് സിങ് താക്കൂർ നടത്തിയ പ്രതികരണവുമാണ് ശ്രദ്ധ നേടുന്നത്.
പ്രിയങ്ക ഗാന്ധി പരാമർശം ലോക്സഭയിൽ വിവാദമായി
2026-ലെ പൊതു പരീക്ഷകൾ (അന്യായമായ മാർഗങ്ങൾ തടയൽ) ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ചയിൽ സംസാരിക്കവെയാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ വൈദഗ്ധ്യത്തെ ചോദ്യം ചെയ്തത്.
നന്ദൻ നിലേകനി അധ്യക്ഷനായ ടാസ്ക് ഫോഴ്സിൽ മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ ദേക, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി തുടങ്ങിയവർ അംഗങ്ങളാണെന്നും വിദ്യാഭ്യാസ മേഖലയിലെ അവരുടെ അനുഭവത്തെക്കുറിച്ച് ചോദ്യമുന്നയിക്കുകയുമായിരുന്നു.
അനുരാഗ് സിങ് താക്കൂറിന്റെ മറുപടി
പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് സിങ് താക്കൂർ ശക്തമായി പ്രതികരിച്ചു. പ്രൊഫ. വി. കാമകോടി രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളാണെന്നും അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിയേക്കാൾ മെച്ചതായിരിക്കുമെന്നും സഹോദരനേക്കാൾ അൽപ്പം മികച്ചതായിരിക്കുമെന്നും ഞാൻ കരുതി. കുറഞ്ഞത്, അവർ പുഞ്ചിരിക്കാറുണ്ടായിരുന്നു. എന്നാൽ ഐഐടി മദ്രാസ് ഡയറക്ടറെക്കുറിച്ച് ഇന്ന് അവർ നടത്തിയ പരാമർശങ്ങൾക്ക് ശേഷം, സഹോദരനും സഹോദരിയും ഒരുപോലെയാണെന്ന് എനിക്ക് തോന്നുന്നു; അവർ ഒരേ പാതയിലാണ്, ഒരുപക്ഷേ അവർ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലും കഴിക്കുന്നുണ്ടാകാം. പകരം അവർ ഗോമൂത്രം കഴിക്കണം.’ അനുരാഗ് പറഞ്ഞു
ബിജെപിയുടെ പ്രതികരണവും വിവാദവും
ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ലയും പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ വിമർശിച്ചു. ശാസ്ത്രസമൂഹത്തെ അപമാനിക്കുന്നതാണ് ഈ പരാമർശമെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ തുടർന്ന് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം തുടരുകയാണ്.
