ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ, ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
സോഹാർ ആങ്കറേജിൽ കപ്പലിന് നേരെ ആക്രമണം
ഒമാനിലെ സോഹാർ ആങ്കറേജിൽവച്ചാണ് എംടി പെട്രോ ഡോൾഫിന് നേരെ ആക്രമണമുണ്ടായതെന്ന് മന്ത്രി എക്സിലൂടെ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരിൽ ഒമ്പത് പേരെ വിജയകരമായി രക്ഷപ്പെടുത്തി സുരക്ഷിതരാക്കിയിട്ടുണ്ട്. എന്നാൽ, രണ്ട് ഇന്ത്യൻ പൗരന്മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെത്തുടർന്ന് കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്.
കാണാതായ ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുന്നു
രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും കാണാതായവരെ കണ്ടെത്തുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചു. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കാണാതായ ഇന്ത്യൻ പൗരന്മാരെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
ഒമാൻ തീരത്തെ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിന് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും അടിയന്തര പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
English Summary:
A drone attack targeted the MT Petro Dolphin, a Nicaragua-flagged vessel, near Sohar Anchorage off Oman’s coast. Two Indian crew members are missing, while nine of the 11 Indian crew members have been rescued. Indian authorities are coordinating with Omani officials, and the search and investigation are ongoing. India has condemned attacks on commercial shipping and called for an urgent diplomatic resolution to regional tensions.
