facebook

മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെ; ബിജെപിക്കായി തന്ത്രങ്ങളൊരുക്കിയ മാഥൂർ കേരളത്തിലേക്ക്

3 Min Read

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയ ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയോഗിച്ചു.

മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിർണായക ചുമതലകൾ വഹിച്ച നേതാവാണ് അദ്ദേഹം.

ആർഎസ്എസിലൂടെ പൊതുരംഗത്തെത്തിയ മാഥൂർ, ദീർഘകാലം ബിജെപിയുടെ ദേശീയ നേതൃത്വത്തിലും പ്രവർത്തിച്ചു. പാർട്ടിക്കുള്ളിൽ ബഹളങ്ങളില്ലാതെ സംഘടനയെ ഏകോപിപ്പിച്ച് വിജയത്തിലേക്ക് നയിക്കുന്ന തന്ത്രജ്ഞനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

തിരഞ്ഞെടുപ്പ് വിജയങ്ങളിൽ നിർണായക പങ്ക്

2014-ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ തിരഞ്ഞെടുപ്പ് ചുമതല മാഥൂറിനായിരുന്നു. 2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിന്റെ ചുമതല വഹിച്ച സമയത്ത് സംസ്ഥാനത്തെ 26 സീറ്റുകളും ബിജെപി സ്വന്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ ചുമതലകൾ ഏറ്റെടുത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അനുഭവമാണ് മാഥൂറിനെ ദേശീയതലത്തിലെ ശ്രദ്ധേയനായ സംഘാടകനാക്കിയത്.

ആർഎസ്എസിലൂടെ പൊതുരംഗത്തേക്ക്

രാജസ്ഥാനിൽനിന്നുള്ള മാഥൂറിന്റെ പൊതുപ്രവർത്തനത്തിന് തുടക്കമായത് ആർഎസ്എസിലൂടെയാണ്. 1972 മുതൽ 1979 വരെ രാജസ്ഥാനിലെ വിവിധ ജില്ലകളിൽ പ്രചാരകനായി പ്രവർത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് 1975-ൽ അറസ്റ്റിലായ അദ്ദേഹം ഏകദേശം 11 മാസത്തോളം ജയിൽവാസവും അനുഭവിച്ചു.1979 മുതൽ 1989 വരെ കർഷകസംഘടനയായ ഭാരതീയ കിസാൻ സംഘിൽ പ്രധാന ചുമതല വഹിച്ചു.

പിന്നീട് ബിജെപിയുടെ സജീവ നേതൃത്വത്തിലേക്ക് എത്തിയ മാഥൂർ, 1989 മുതൽ 2024 വരെ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു. ഈ കാലയളവിൽ രാജസ്ഥാനിൽ സംഘടനാ ജനറൽ സെക്രട്ടറിയായും ചുമതല നിർവഹിച്ചു.

ദേശീയ നേതൃത്വത്തിൽ സുപ്രധാന പദവികൾ

2002-ൽ ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ചുമതല ലഭിച്ച മാഥൂർ, തൊട്ടടുത്ത വർഷം മധ്യപ്രദേശിലെ ബിജെപി ഘടകത്തിന്റെ ചുമതലയും ഏറ്റെടുത്തു. പിന്നീട് ഗുജറാത്തിലും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2004 മുതൽ 2008 വരെ മൂന്ന് തവണ ബിജെപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 2008-ൽ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം അതേ വർഷം ആദ്യമായി നിയമസഭയിലെത്തി.

2014-ൽ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കു പുറമേ ഉത്തർപ്രദേശിന്റെ ഇൻ-ചാർജ് ചുമതലയും പാർട്ടി അദ്ദേഹത്തെ ഏൽപ്പിച്ചു. 2015 മുതൽ 2022 വരെ അഖിലേന്ത്യാ ഉപാധ്യക്ഷനായി പ്രവർത്തിച്ചു.

2016-ൽ രണ്ടാം തവണ രാജ്യസഭാംഗമായി.2022-ൽ ഛത്തീസ്ഗഢിന്റെ പാർട്ടി ചുമതല ഏറ്റെടുത്ത മാഥൂർ, 2022 മുതൽ 2024 വരെ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായിരുന്നു. പിന്നീട് സിക്കിം ഗവർണറായി നിയമിതനായി.

‘ശാന്തമായി പ്രവർത്തിച്ച് വിജയത്തിലേക്ക് നയിക്കുന്ന നേതാവ്’

ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, മാഥൂറിനെ പാർട്ടിയിലെ മികച്ച സംഘാടകരിൽ ഒരാളായാണ് വിശേഷിപ്പിച്ചത്. ബഹളങ്ങളില്ലാതെ കൃത്യമായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്ന് കൃഷ്ണദാസ് പറഞ്ഞു.

കുട്ടിക്കാലം മുതൽ ആർഎസ്എസുമായി ഉണ്ടായിരുന്ന ബന്ധമാണ് മാഥൂറിനെ ബിജെപിയിലേക്ക് എത്തിച്ചതെന്നും സംഘടനയ്ക്കകത്തും പുറത്തും അദ്ദേഹം ആദരിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

രാജസ്ഥാനിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ മാഥൂർ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അഖിലേന്ത്യാ ഉപാധ്യക്ഷനായിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ചപ്പോൾ പാർട്ടി മികച്ച വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയെ ഏകോപിപ്പിച്ച് അണിയറയിൽനിന്ന് പ്രവർത്തിക്കുന്നതാണ് മാഥൂറിന്റെ രീതിയെന്നും ശാന്തസ്വഭാവവും വിവാദങ്ങളില്ലാത്ത പ്രവർത്തനശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകതകളാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

ചുമതല ഏറ്റെടുത്താൽ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകാനുള്ള കഴിവ് മാഥൂറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary : Om Prakash Mathur, known for his organisational work and role in the BJP’s election campaigns across several states, has been appointed Kerala Governor. He has held key responsibilities in Rajasthan, Maharashtra, Karnataka, Jharkhand, Gujarat and other states, and served in several senior positions within the BJP. BJP leader P.K. Krishnadas described Mathur as a calm and effective organiser who works behind the scenes to unite party workers and deliver electoral success.

Share This Article