കഠ്മണ്ഡു: ഉഗ്രശബ്ദത്തോടെ വെള്ളവും ചെളിയും പാറക്കല്ലുകളും ഇരച്ചെത്തിയപ്പോൾ ജീവൻ രക്ഷിക്കാൻ ഓടുകയായിരുന്നു 24കാരനായ ബിബേക് കുമാൽ. നേപ്പാൾ മിന്നൽപ്രളയത്തിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട യുവാവിന് ഒടുവിൽ രക്ഷയായത് ഒരു മാവിൻകൊമ്പ്. കഠ്മണ്ഡുവിലെ നാഷനൽ ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കുമാൽ ദുരനുഭവം പങ്കുവച്ചു.
നേപ്പാൾ മിന്നൽപ്രളയം; കുഴിയിലായിരുന്ന യുവാവിന് രക്ഷ
രസുവ ജില്ലയ്ക്ക് താഴെയുള്ള ബിദൂരിൽ പുതുതായി നിർമിക്കുന്ന വീടിനായി സെപ്റ്റിക് ടാങ്കിന്റെ കുഴിയെടുക്കാനാണ് ബിബേക് കുമാലും സംഘവും ബുധനാഴ്ച രാവിലെ എത്തിയത്.
ഏകദേശം അഞ്ചടി ആഴത്തിൽ കുഴിയെടുത്തതിന് പിന്നാലെ കുമാൽ വലിയൊരു ഇരമ്പൽ ശബ്ദം കേട്ടു. കുഴിക്ക് മുകളിൽ നിന്നിരുന്ന നാല് സഹപ്രവർത്തകർ ഭയന്ന് പിന്നോട്ടുമാറുന്നത് യുവാവ് കണ്ടു.
നിമിഷങ്ങൾക്കുള്ളിൽ കുതിച്ചെത്തി മലവെള്ളം
കുഴിയിൽനിന്ന് ഉടൻ പുറത്തുവരാൻ സഹപ്രവർത്തകർ കുമാലിനോട് വിളിച്ചുപറഞ്ഞു. ഏറെ പരിശ്രമിച്ച് പുറത്തുകയറിയപ്പോഴേക്കും മറ്റുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടിയിരുന്നു.
തുടർന്ന് കുമാലും ഓടാൻ ശ്രമിക്കുന്നതിനിടെ ഭൂകമ്പത്തിന് സമാനമായ ശക്തിയോടെ ജലപ്രവാഹം കുതിച്ചെത്തി. ചെളിക്കും അവശിഷ്ടങ്ങൾക്കുമൊപ്പം വെള്ളം യുവാവിനെയും ഒഴുക്കിക്കൊണ്ടുപോയി.
രക്ഷയായത് മാവിൻകൊമ്പ്
ഒഴുക്കിൽപ്പെട്ട കുമാൽ ഒടുവിൽ ഒരു മാവിൻകൊമ്പിൽ കുടുങ്ങി. അവിടെ പിടിച്ചുനിന്നാണ് യുവാവ് രക്ഷപ്പെട്ടത്.
ഇതിനിടെ, താൻ ജോലി ചെയ്തിരുന്ന വീടും വെള്ളപ്പാച്ചിലിൽ തകർന്നുപോകുന്നത് മാവിൻകൊമ്പിൽനിന്ന് കണ്ടതായി കുമാൽ പറഞ്ഞു. പിന്നീട് പൊലീസ് എത്തിയാണ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
കാലിന് പരുക്ക്; ആശുപത്രിയിൽ ചികിത്സ
ആദ്യം വെള്ളവും പിന്നീട് വലിയ കല്ലും വന്നിടിച്ചതിനെ തുടർന്ന് കുമാലിന്റെ വലതുകാലിന് പരുക്കേറ്റു. രസുവയിൽനിന്ന് കഠ്മണ്ഡുവിലെ നാഷനൽ ട്രോമ സെന്ററിലെത്തിച്ചാണ് ചികിത്സ നൽകുന്നത്.
നേപ്പാൾ മിന്നൽപ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നാണ് രസുവ. കുമാലിനൊപ്പം പരുക്കേറ്റ മറ്റ് മൂന്ന് പേരും ഇവിടെ ചികിത്സയിലാണ്.
114ലേറെ പേരെ രക്ഷപ്പെടുത്തി
ദുരന്തബാധിത മേഖലകളിൽനിന്ന് കൂടുതൽ പേരെ കഠ്മണ്ഡുവിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 114ലേറെ പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
രക്ഷപ്പെടുത്തിയവരെ കഠ്മണ്ഡുവിലെയും രസുവയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
