facebook

ദേശീയപാത 66: കാസർകോട്-തിരുവനന്തപുരം യാത്രയ്ക്ക് ടോൾ 6000 രൂപ

3 Min Read

തിരുവനന്തപുരം: ദേശീയപാത 66 ടോൾ നിരക്ക് സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകൾ യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുന്നതാണ്. ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കാറിൽ പോയിവരാൻ ഏകദേശം 6000 രൂപ ടോളായി നൽകേണ്ടിവരുമെന്നാണ് ദേശീയപാത അധികൃതരിൽനിന്നുള്ള വിവരം. 2024ൽ ഇതേ യാത്രയ്ക്ക് 1650 രൂപയായിരുന്നു ടോൾ.

ദേശീയപാത 66 ടോൾ 3000 രൂപയാകുമോ?

2024ലെ കണക്കനുസരിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ 11 ടോൾ പ്ലാസകളാണ് ഉണ്ടായിരുന്നത്. ദേശീയപാത 66 പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ രണ്ട് ടോൾ പ്ലാസകൾ കൂടി നിർമിക്കാനാണ് പദ്ധതി.

ഇതോടെ ഒരു വശത്തേക്കുള്ള യാത്രയിലെ ആകെ ടോൾ നിരക്ക് ഏകദേശം 3000 രൂപയായി ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അങ്ങനെ വരുമ്പോൾ കാറിൽ പോയിവരുന്നതിനുള്ള ടോൾ ചെലവ് 6000 രൂപ കടക്കും.

60 കിലോമീറ്റർ ഇടവിട്ട് ടോൾ ബൂത്തുകൾ

ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതയിൽ ടോൾ ബൂത്തുകൾ സ്ഥാപിക്കുന്നത്. എന്നാൽ നിർമാണരീതിയും ഓരോ റീച്ചിന്റെയും പ്രത്യേകതകളും അനുസരിച്ച് ഈ ദൂരം മാറാം.

ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയ പ്രത്യേക നിർമാണങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ ടോൾ നിരക്ക് വീണ്ടും ഉയരാനും സാധ്യതയുണ്ട്. ഇത്തരം ഭാഗങ്ങളിൽ സാധാരണ നിരക്കിന്റെ പത്തിരട്ടി വരെ ഈടാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

പാലിയേക്കര ടോൾ നിരക്കും ഉയരും

അതിനിടെ, പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് മുതൽ 65 രൂപ വരെയാണ് വിവിധ വാഹനങ്ങളുടെ നിരക്കിൽ വർധന വരുത്തിയത്.

കാറിന് ഒരു വശത്തേക്ക് 100 രൂപയും ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 170 രൂപയും ബസിന് 345 രൂപയുമാണ് പുതുക്കിയ നിരക്ക്. കാറിനും വാണിജ്യ വാഹനങ്ങൾക്കും 10 രൂപ വീതവും ബസ്, ട്രക്ക് എന്നിവയ്ക്ക് 25 രൂപ വീതവുമാണ് വർധിച്ചത്.

മൾട്ടി ആക്സിൽ വാഹനങ്ങൾക്കും അധിക നിരക്ക്

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 550 രൂപയാണ് പുതുക്കിയ നിരക്ക്. നിലവിലെ നിരക്കിൽ നിന്ന് 35 രൂപയാണ് വർധിച്ചത്.

ഒന്നിൽ കൂടുതൽ യാത്രകൾക്കുള്ള നിരക്ക് 775 രൂപയിൽനിന്ന് 825 രൂപയായും ഉയരും. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ഹൈക്കോടതി നിർദേശവും നിർണായകം

ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കഴിഞ്ഞവർഷം ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിനാൽ കോടതി നിർദേശങ്ങൾ പാലിച്ചായിരിക്കും പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരികയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അടിസ്ഥാന ടോൾ നിരക്കും രാജ്യത്തെ മൊത്തവില സൂചികയും പരിഗണിച്ചാണ് സെപ്റ്റംബറിൽ നിരക്ക് വർധന നടപ്പാക്കുന്നത്. നിലവിൽ 2024ലെ നിരക്കിലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത്.

English Summary

Toll expenses on Kerala’s National Highway 66 are expected to rise significantly after the project is completed. According to the information provided by NH authorities, the toll from Kasaragod to Thiruvananthapuram could reach around ₹3,000 one way for cars, meaning a round trip could cost around ₹6,000 in tolls. The number of toll plazas is also expected to increase from 11 to 13. Meanwhile, toll rates at the Paliyekkara toll plaza have also been revised, subject to the directions of the High Court.

Share This Article