facebook

ഗുരുവായൂരപ്പന് മുന്നിൽ വിവാഹം; മാർട്ടിൻ ഡേ നിതിൻചന്ദിന് താലിചാർത്തി

1 Min Read

കൊച്ചി: പത്തുവർഷം മുമ്പ് യു.കെയിൽ വിവാഹിതരായെങ്കിലും ഗുരുവായൂരപ്പന്റെ സന്നിധിയിൽ വിവാഹിതയാകണമെന്ന നിതിൻചന്ദിന്റെ ആഗ്രഹമാണ് ഒടുവിൽ സഫലമായത്. ഗുരുവായൂരിൽ വിവാഹം എന്ന സ്വപ്നം പൂർത്തിയാക്കി സ്കോട്ട്‌ലൻഡ് പാർലമെന്റംഗം മാർട്ടിൻ ഡേ നിതിൻചന്ദിന് താലിചാർത്തി. നിതിന്റെ ആദ്യവിവാഹത്തിലെ മകൻ വേദിക് ശങ്കറും ചടങ്ങിന് സാക്ഷിയായി.

ഗുരുവായൂരിൽ വിവാഹം; കണ്ണന്റെ സന്നിധിയിൽ താലിചാർത്തി

ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് പിന്നാലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു മറ്റ് ചടങ്ങുകൾ. സ്കോട്ട്‌ലൻഡ് പാർലമെന്റംഗമായ മാർട്ടിൻ ഡേയാണ് പിറവം പാമ്പാക്കുട സ്വദേശിനിയായ നിതിൻചന്ദിന് താലിചാർത്തിയത്.

പാമ്പാക്കുട കുന്നത്തോത്ത് കെ.എൻ. ചന്ദ്രന്റെയും രാജമ്മയുടെയും ഏകമകളാണ് നിതിൻ. ബി.ടെക് പഠനം പൂർത്തിയാക്കിയ ശേഷം 2008ലാണ് നിതിൻ യു.കെയിലെത്തിയത്.

യു.കെയിൽ തുടങ്ങിയ ബന്ധം; പോരാട്ടത്തിനിടെ കൂടിക്കാഴ്ച

പി.എച്ച്.ഡി പഠനത്തിനിടെ യു.കെ. സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെ നിതിന്റെ വിസ റദ്ദായി. തുടർന്ന് നിയമപരമായ വിഷയങ്ങളിൽ നിതിനും സുഹൃത്തുക്കളും യു.കെ. പാർലമെന്റ് കമ്മിറ്റികൾക്ക് മുന്നിൽ പോരാട്ടം നടത്തി.

2016ൽ ഇതിനിടെയാണ് മാർട്ടിൻ ഡേയുമായി നിതിന്റെ കൂടിക്കാഴ്ച. മാർട്ടിനാണ് ആദ്യം താൽപര്യം അറിയിച്ചത്. താൻ വിവാഹമോചിതയും 12 വയസുള്ള മകന്റെ അമ്മയുമാണെന്ന് നിതിൻ പറഞ്ഞെങ്കിലും മാർട്ടിൻ ബന്ധത്തിൽനിന്ന് പിന്മാറിയില്ല.

മകനെ വളർത്തിയത് മാർട്ടിന്റെ മാതാപിതാക്കൾ

മാർട്ടിന്റെ മാതാപിതാക്കളായ മാർഗരറ്റും റോണും ബന്ധത്തെ പിന്തുണച്ചു. വിസ നടപടികൾ നീണ്ടതോടെ യു.കെയിൽവച്ചുതന്നെ ഇരുവരും വിവാഹിതരായി.

നിതിന്റെ മകൻ വേദിക് ശങ്കറിനെ മാർട്ടിന്റെ മാതാപിതാക്കളാണ് വളർത്തിയത്. ഇപ്പോൾ എഡിൻബറോയിൽ സീനിയർ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയാണ് 22കാരനായ വേദിക്.

നാലാം കേരള സന്ദർശനത്തിൽ സഫലമായ ആഗ്രഹം

മാനേജ്‌മെന്റ് കൺസൾട്ടന്റാണ് നിതിൻ. ഭർത്താവിനൊപ്പം സ്കോട്ടിഷ് നാഷണൽ പാർട്ടിയിലും സജീവമാണ്. മാർട്ടിനും നിതിനും ഇതിനകം മൂന്ന് തവണ കേരളത്തിലെത്തിയെങ്കിലും ഗുരുവായൂരിലെത്താൻ സാധിച്ചിരുന്നില്ല.

എന്നാൽ നാലാംവട്ടം കേരളത്തിലെത്തിയപ്പോൾ ഗുരുവായൂരപ്പൻ തന്റെ ആഗ്രഹം നിറവേറ്റിയെന്നാണ് നിതിൻ പറയുന്നത്. ഗുരുവായൂരിൽ വിവാഹം എന്ന ഏറെക്കാലത്തെ ആഗ്രഹം ഇതോടെ യാഥാർഥ്യമായി.

Share This Article