കോഴിക്കോട്: ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാലോകത്തിന്റെ വിസ്മയക്കാഴ്ചകളും ആസ്വദിക്കാൻ അവസരമൊരുക്കി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ഹൈദരാബാദിലേക്ക് അഞ്ച് ദിവസത്തെ ഉല്ലാസയാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 12ന് ആരംഭിക്കുന്ന യാത്രയിൽ ഒരാൾക്ക് 17,050 രൂപയാണ് പാക്കേജ് നിരക്ക്. ചരിത്രവും പൈതൃകവും സിനിമയും ഒരുമിച്ച് അനുഭവിക്കാനാകുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഡിസംബർ 12ന് രാവിലെ ആറിന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ഡിസംബർ 16ന് തിരിച്ചെത്തും. യാത്രാസമയം ഒഴികെ ഹൈദരാബാദിൽ മൂന്ന് പകലും രണ്ട് രാത്രിയും ചെലവഴിക്കാനാകും.
ചാർമിനാർ മുതൽ ഗോൽക്കൊണ്ട കോട്ട വരെ
ഹൈദരാബാദിലെ പ്രധാന ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങൾ യാത്രാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാന അടയാളമായ ചാർമിനാർ, ചരിത്രപ്രസിദ്ധമായ ഗോൽക്കൊണ്ട കോട്ട, ഹുസൈൻ സാഗർ തടാകം എന്നിവ സന്ദർശിക്കാം.
കൂടാതെ സാലാർ ജംഗ് മ്യൂസിയം, മക്കാ മസ്ജിദ് തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളും യാത്രയുടെ ഭാഗമാണ്. ഹൈദരാബാദിന്റെ പൈതൃകവും സംസ്കാരവും അടുത്തറിയാൻ ഈ സന്ദർശനങ്ങൾ സഹായിക്കും.
റാമോജി ഫിലിം സിറ്റിയും യാത്രയിൽ
സിനിമാലോകത്തിന്റെ വിസ്മയക്കാഴ്ചകൾ നേരിൽ കാണാൻ അവസരമൊരുക്കുന്ന റാമോജി ഫിലിം സിറ്റിയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രസ്മാരകങ്ങൾക്കൊപ്പം സിനിമാ നിർമ്മാണത്തിന്റെ ലോകവും പരിചയപ്പെടാൻ യാത്രക്കാർക്ക് ഇതിലൂടെ സാധിക്കും.
യാത്ര കൂടുതൽ സുഖകരമാക്കാൻ അത്യാധുനിക എ.സി മൾട്ടി ആക്സിൽ വോൾവോ അല്ലെങ്കിൽ സ്കാനിയ ബസുകളാണ് ഒരുക്കിയിരിക്കുന്നത്.
₹17,050 പാക്കേജിൽ ഉൾപ്പെടുന്ന സൗകര്യങ്ങൾ
ഒരാൾക്ക് 17,050 രൂപയാണ് അഞ്ച് ദിവസത്തെ കെ.എസ്.ആർ.ടി.സി ഹൈദരാബാദ് യാത്രയുടെ നിരക്ക്. ഹൈദരാബാദിലെ എ.സി താമസസൗകര്യം, ഭക്ഷണം, സന്ദർശനകേന്ദ്രങ്ങളിലെ പ്രവേശന ഫീസ്, ടൂർ കോർഡിനേറ്റർമാരുടെ സേവനം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.
യാത്രയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണം. സീറ്റുകൾ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന നൽകിയാണ് അനുവദിക്കുന്നത്.
ഡിസംബറിൽ മറ്റു യാത്രകളും
ഹൈദരാബാദ് യാത്രയ്ക്ക് പുറമെ ഡിസംബറിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കോഴിക്കോട് കെ.എസ്.ആർ.ടി.സി യൂണിറ്റ് പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
നിലമ്പൂർ–മിനി ഊട്ടി, അതിരപ്പിള്ളി–മൂന്നാർ, മൈസൂർ, നെല്ലിയാമ്പതി, ഗവി–അടവി–പരുന്തുംപാറ, വാഗമൺ–ഇല്ലിക്കൽ കല്ല്, കടമക്കുടി കായൽ എന്നിവിടങ്ങളിലേക്കാണ് മറ്റു യാത്രകൾ.
ബുക്കിങ്ങിനും വിവരങ്ങൾക്കും:
- 9946068832
- 9188938532
English Summary:
The KSRTC Budget Tourism Cell in Kozhikode is organising a five-day tour to Hyderabad from December 12 to 16. The package costs ₹17,050 per person and includes visits to Charminar, Golconda Fort, Hussain Sagar Lake, Salar Jung Museum, Mecca Masjid and Ramoji Film City. AC accommodation, food, entry fees and tour coordinator services are included. Bookings are available through the numbers 9946068832 and 9188938532.
