facebook

കേരളത്തിൽ വിദേശ സർവകലാശാലകൾക്ക് വഴിയൊരുങ്ങുന്നു; 20 ഏക്കർ ഭൂമി വരെ നൽകും

3 Min Read
Photo: macalester.edu

തിരുവനന്തപുരം: വിദേശ, സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തനം ആരംഭിക്കാൻ വഴിയൊരുക്കുന്ന പുതിയ നിയമനിർമാണവുമായി സർക്കാർ. ഐ.ടി ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് സർവകലാശാലകൾ ആരംഭിക്കാനും സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഭൂമി അനുവദിക്കാനും വ്യവസ്ഥകളുണ്ട്. നിക്ഷേപം ആകർഷിച്ച് ഗവേഷണം, വിദ്യാഭ്യാസം, വ്യവസായം എന്നിവയെ ഒരുമിപ്പിക്കുന്ന നോളജ് വാലി പദ്ധതിയും ബില്ലിന്റെ ഭാഗമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ലക്ഷ്യമിടുന്ന ബിൽ ചൊവ്വാഴ്ച മന്ത്രി റോജി എം. ജോൺ നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി ലഭ്യമാക്കുന്നതു മുതൽ നികുതിയിളവുകളും ഏകജാലക അനുമതിയും വരെയുള്ള നിരവധി ആനുകൂല്യങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.

വിദേശ സർവകലാശാലകൾക്ക് 20 ഏക്കർ ഭൂമി വരെ

സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി 20 ഏക്കർ വരെ സർക്കാർ, പുറമ്പോക്ക് ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥയുണ്ട്. കമ്പോളവില ഈടാക്കി ഭൂമി പാട്ടത്തിന് നൽകാനും സ്വകാര്യഭൂമി സംയോജിപ്പിച്ച് പദ്ധതിക്കായി ഉപയോഗിക്കാനും സാധിക്കും. ലാൻഡ് പൂളിങ് രീതിയിലൂടെയും ഭൂമി ലഭ്യമാക്കാം.

സ്വകാര്യ സർവകലാശാലയ്ക്കായി വാങ്ങുന്ന 100 ഏക്കർ ഭൂമിക്ക് പത്തുവർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. നോളജ് വാലിക്കുള്ളിൽ ഭൂമി, കെട്ടിടം എന്നിവയുടെ കൈമാറ്റം, പാട്ടം, പണയം തുടങ്ങിയ രജിസ്ട്രേഷനുകൾക്കും പത്തുവർഷം ഈ ഇളവ് ലഭിക്കും.

ഭൂപരിഷ്കരണ നിയമത്തിലും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലും ഇളവുകൾ നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

നോളജ് വാലിക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി

ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും കൂട്ടിച്ചേർത്ത് നോളജ് വാലി വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖലയായോ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രമായോ ഇത് പ്രഖ്യാപിക്കാം.

മുഖ്യമന്ത്രി അധ്യക്ഷനായി നോളജ് വാലി വികസന അതോറിറ്റി രൂപീകരിക്കും. പദ്ധതിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി സർക്കാർ കോർപസ് ഫണ്ടും വയബിലിറ്റി ഗ്യാപ് ഫണ്ടും അനുവദിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര ഏജൻസികൾ എന്നിവയിൽനിന്ന് ഗ്രാന്റുകളും വായ്പകളും സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.

ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആദായനികുതി, കസ്റ്റംസ് തീരുവ, ജി.എസ്.ടി എന്നിവയിൽ ഇളവുകൾ നൽകുന്നതിനുള്ള നിർദേശങ്ങളും ബില്ലിലുണ്ട്. വിദേശ സ്ഥാപനങ്ങൾക്ക് അവിടത്തെ നിബന്ധനകൾ നടപ്പാക്കാനും അനുമതിയുണ്ടാകും.

നികുതിയിളവുകളും 40 ദിവസത്തിനകം അനുമതിയും

നോളജ് വാലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വിവിധ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കും. വൈദ്യുതി തീരുവ ആദ്യത്തെ 15 വർഷം സർക്കാർ തിരികെ നൽകും. തദ്ദേശസ്ഥാപനങ്ങൾക്ക് വസ്തുനികുതിയിലും കെട്ടിടനികുതിയിലും ഇളവ് നൽകാം.

ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം ഇൻസെന്റീവായി തിരിച്ചുനൽകാനും തൊഴിൽനികുതിയിൽ ഇളവ് നൽകാനും വ്യവസ്ഥയുണ്ട്.

എല്ലാ അനുമതികളും ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായും പത്ത് സർക്കാർ സെക്രട്ടറിമാർ അംഗങ്ങളായും സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് രൂപീകരിക്കും. 40 ദിവസത്തിനകം ആവശ്യമായ അനുമതികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

മലയാളികൾക്ക് 25 ശതമാനം സീറ്റ്

നോളജ് വാലിയിലെ സർവകലാശാലകളിൽ ആകെ സീറ്റുകളുടെ 25 ശതമാനം മലയാളികൾക്കായി നീക്കിവയ്ക്കും. ഈ സീറ്റുകളിലും സംവരണ വ്യവസ്ഥകൾ ബാധകമായിരിക്കും.

എല്ലാ കോഴ്സുകളിലും 15 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും അഞ്ച് ശതമാനം പട്ടികവർഗ വിഭാഗത്തിനും നൽകും. ഫീസിളവും സ്കോളർഷിപ്പും ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്.

മുൻഗണന ലഭിക്കുന്ന വ്യവസായ മേഖലകൾ

വ്യവസായങ്ങളുമായി ചേർന്നുള്ള സർവകലാശാലകൾക്കാണ് മുൻഗണന നൽകുക. ഡീപ് ടെക്നോളജി, ലൈഫ് സയൻസസ്, മറൈൻ സയൻസ്, എയ്റോസ്പേസ്, ബഹിരാകാശ സാങ്കേതികവിദ്യ, ഡിസൈൻ, മീഡിയ, ആനിമേഷൻ, ഐ.ടി, ബയോടെക്നോളജി, സ്പോർട്സ് സയൻസ്, ഏവിയേഷൻ, എനർജി സ്റ്റഡീസ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

എയ്ഡഡ് സ്ഥാപനങ്ങൾക്കും ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, അസാപ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള അവസരമുണ്ടാകും.

ഭൂമി ദുരുപയോഗം ചെയ്താൽ അംഗീകാരം റദ്ദാക്കും

പദ്ധതിക്കായി അനുവദിക്കുന്ന ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കും. ഇതോടൊപ്പം ലഭിച്ച ഇളവുകൾ പലിശ സഹിതം തിരിച്ചുപിടിക്കും.

സർവകലാശാല പിരിച്ചുവിടുകയോ അംഗീകാരം നഷ്ടപ്പെടുകയോ ചെയ്താലും അനുവദിച്ച ഇളവുകളും സൗജന്യങ്ങളും റദ്ദാക്കും. ചെലവുകൾക്കായി പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സർവകലാശാലയുടെ ഭൂമിയോ ആസ്തികളോ വിൽക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.


English Summary:

The Kerala government is preparing legislation to facilitate the establishment of foreign and private universities in the state in partnership with industries. The proposed bill provides for land allocation, tax incentives, a 40-day single-window clearance system and the creation of Knowledge Valleys combining education, research and industry. Twenty-five per cent of seats will be reserved for Malayalis, while provisions also cover SC/ST reservations, scholarships and penalties for misuse of allotted land.

Share This Article