തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
തുടർച്ചയായി നാല് ദിവസം അവധി
ഒക്ടോബർ 19ന് അവധി ലഭിക്കുന്നതോടെ ഞായറാഴ്ച ഉൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കുമെന്നാണ് റിപ്പോർട്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അവധി അനുവദിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകളും ഭാരതീയ ജ്യോതിഷവിചാരസഭയും നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും സംഘടനകൾ നിവേദനം നൽകിയിരുന്നു.
പൂജവെപ്പിന് പിന്നാലെ അവധി വേണമെന്ന് ആവശ്യം
ഒക്ടോബർ 18ന് വൈകുന്നേരമാണ് പൂജവെപ്പ് നടക്കുന്നത്. പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വെച്ചതിനുശേഷം തൊട്ടടുത്ത ദിവസം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഒക്ടോബർ 19നും അവധി അനുവദിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടത്.
ഈ ആവശ്യം പരിഗണിച്ചാണ് സർക്കാർ അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്നതോടെ അവധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളിൽ വ്യക്തത ലഭിക്കും.
English Summary:
Kerala is set to declare a public holiday on Monday, October 19, 2026, as part of Navaratri celebrations, according to reports. The holiday will apply to government offices and educational institutions under the Negotiable Instruments Act. Hindu organisations and the Bharatiya Jyothisha Vichara Sabha had requested the additional holiday following Poojavaipu on October 18. The official government order is expected shortly
