ഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ മാറ്റം വരുത്തി രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. തമിഴ്നാട്, ഒഡീഷ, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു.
പുതിയ ഗവർണർമാർ ചുമതലയേൽക്കുന്ന തീയതി മുതലായിരിക്കും നിയമനങ്ങൾ പ്രാബല്യത്തിൽ വരിക.
രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെയാണ് തമിഴ്നാട് ഗവർണറായി നിയമിച്ചത്.
കഴിഞ്ഞ മാർച്ചിൽ അന്നത്തെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് ആർലേക്കർക്ക് തമിഴ്നാടിന്റെ അധിക ചുമതല നൽകിയത്. പുതിയ ഉത്തരവോടെ തമിഴ്നാടിന്റെ പൂർണ ചുമതല അദ്ദേഹത്തിന് ലഭിക്കും.
ഓംപ്രകാശ് മാഥൂർ കേരളത്തിലേക്ക്
സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥൂറാണ് കേരളത്തിന്റെ പുതിയ ഗവർണർ. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
അതേസമയം, മാഥൂർ ഒഴിയുന്ന സിക്കിം ഗവർണർ സ്ഥാനത്തേക്ക് ദുഷ്യന്ത് ഗൗതമിനെ നിയമിച്ചു.
മറ്റ് സംസ്ഥാനങ്ങളിലെ നിയമനങ്ങൾ
ബ്രജ് മോഹൻ റാം ഒഡീഷ ഗവർണറാകും. നിലവിലെ ഗവർണർ ഹരി ബാബു കംഭംപാട്ടിയുടെ പിൻഗാമിയായാണ് നിയമനം. സുധാ യാദവിനെ കർണാടക ഗവർണറായും ധൽ സിങ് ബിസെനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു.
കർണാടകയിൽ താവർചന്ദ് ഗെലോട്ടിനും ഉത്തരാഖണ്ഡിൽ ഗുർമീത് സിങ്ങിനും പകരക്കാരായാണ് ഇവർ ചുമതലയേൽക്കുന്നത്.
English Summary : President Droupadi Murmu has announced gubernatorial appointments across six states. Former Kerala Governor Rajendra Vishwanath Arlekar has been appointed Governor of Tamil Nadu, while former Sikkim Governor Om Prakash Mathur will take over as Kerala Governor. Braj Mohan Ram, Sudha Yadav, Dhal Singh Bisen and Dushyant Gautam have been appointed Governors of Odisha, Karnataka, Uttarakhand and Sikkim, respectively.
