facebook

ലക്ഷങ്ങൾ കൈക്കൂലി; കണയന്നൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ

1 Min Read


കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശിയിൽനിന്ന് പണം വാങ്ങുന്നതിനിടെയാണ് കടവന്ത്രയിൽ വച്ച് വിജിലൻസിന്റെ എറണാകുളം യൂണിറ്റ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ രണ്ട് ഏജന്റുമാരെയും അറസ്റ്റ് ചെയ്തു.

കണയന്നൂർ തഹസിൽദാർ 10 ലക്ഷം വാങ്ങുന്നതിനിടെ പിടിയിൽ

എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് പറയുന്നത്. കൃഷിഭൂമി പുരയിടമാക്കി രേഖകൾ നൽകുന്നതിനായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

ജോസഫ് ആന്റണിയുടെ രണ്ട് ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരെയും വിജിലൻസ് അറസ്റ്റ് ചെയ്തു.

ഭൂമി പുരയിടമാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി

സ്ഥലം ഉടമ നേരത്തെ മുതൽ പുരയിടമായി കരം അടച്ചുവന്നിരുന്ന ഭൂമി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അത് കൃഷിഭൂമിയാണെന്ന് വ്യക്തമായത്. തുടർന്ന് കൃഷിഭൂമി മണ്ണിട്ട് നികത്തിയെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകി.

തഹസിൽദാറിന്റെ സഹായിയാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് പരാതി നൽകിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

രണ്ട് ലക്ഷം പണവും എട്ട് ലക്ഷം രൂപയുടെ ചെക്കും

പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥലം ഉടമ കണയന്നൂർ തഹസിൽദാറിനെ സമീപിച്ചു. പരാതിക്കാരനുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിനും കൃഷിഭൂമി പുരയിടമാക്കി രേഖ നൽകുന്നതിനുമായി 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.

ഇതിൽ രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമായാണ് നൽകിയത്. പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് നടപടി.

കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം

സംഭവത്തിൽ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. അതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

അതേസമയം, കൈക്കൂലി ഇടപാടിൽ അറസ്റ്റിലായവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും രേഖകളും പരിശോധിച്ച് അന്വേഷണത്തിന്റെ തുടർനടപടികൾ തീരുമാനിക്കും.

Share This Article