പെരിന്തൽമണ്ണ : മലപ്പുറം പെരിന്തൽമണ്ണയിലെ വേങ്ങൂരിൽ അമ്മയും രണ്ട് യുവതികളും മാത്രം താമസിക്കുന്ന വീടിന്റെ വീട് ജപ്തി നടപടി നജീബ് കാന്തപുരം എംഎൽഎ തടഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് വായ്പ തിരിച്ചടയ്ക്കാൻ സാവകാശം നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
അച്ഛന്റെ ചികിത്സയ്ക്കായി എടുത്തത് 5 ലക്ഷം രൂപ
മേലാറ്റൂർ അർബൻ സഹകരണ ബാങ്കിൽനിന്നാണ് കുടുംബം 2022ൽ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. അച്ഛന്റെ ചികിത്സയ്ക്കായി വീടും സ്ഥലവും ഈടുവച്ചായിരുന്നു വായ്പ.
ഇതിനിടെ വായ്പയിൽ ഏകദേശം ഒരു ലക്ഷം രൂപ കുടുംബം തിരിച്ചടച്ചു. എന്നാൽ കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്ന അച്ഛൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങി.
അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയ്ക്കും രോഗം
അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയും രോഗബാധിതയായി. നിലവിൽ രണ്ട് യുവതികളും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വീട് ജപ്തി നടപടിക്കായി എത്തിയത്. ഇതോടെ കുടുംബം വീടിനുള്ളിൽ തന്നെ തുടരുകയായിരുന്നു.
വാതിൽ തുറന്നില്ലെങ്കിൽ ചവിട്ടിത്തുറക്കുമെന്ന് ഭീഷണി
വാതിൽ തുറക്കാത്തപക്ഷം വീട് ചവിട്ടിത്തുറക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് കുടുംബം നജീബ് കാന്തപുരം എംഎൽഎയെ ബന്ധപ്പെടുന്നത്.
തുടർന്ന് സ്ഥലത്തെത്തിയ എംഎൽഎ കുടുംബത്തിന്റെ സാഹചര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വായ്പ തിരിച്ചടയ്ക്കാൻ കുടുംബത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരും എംഎൽഎയും തമ്മിൽ വാക്കേറ്റം
ഇതിനിടെ ഉദ്യോഗസ്ഥരും എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായി. യാതൊരു കാരണവശാലും കുടുംബത്തെ വീട്ടിൽനിന്ന് ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് എംഎൽഎ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തുടർന്നാണ് ബാങ്ക് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം ജപ്തി നടപടി അവസാനിപ്പിച്ച് മടങ്ങിയത്.
English summary:A bank seizure action against the home of a financially distressed family in Vengoor, Perinthalmanna, Malappuram, was stopped after intervention by MLA Najeeb Kanthapuram. The family had taken a ₹5 lakh loan from Melattur Urban Cooperative Bank in 2022 by pledging their house and land for the father’s medical treatment. They had repaid around ₹1 lakh, but repayments became difficult after the family’s breadwinner died. The mother and two young women are currently living in the house. The MLA requested more time for repayment and opposed the family being evicted.
