ന്യൂഡൽഹി: പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ സോളർ പാനൽ നൽകാനുള്ള പ്രഖ്യാപനവുമായി ഡൽഹി സർക്കാർ. പരമാവധി 78,000 രൂപവരെ സബ്സിഡി ലഭിക്കുന്ന പി.എം. സൂര്യ ഘർ പദ്ധതിയുടെ ആനുകൂല്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
1, 2, 3 കിലോവാട്ട് വിഭാഗങ്ങളിലായാണ് കേന്ദ്ര സബ്സിഡി ലഭിക്കുക. 3 കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് പരമാവധി 78,000 രൂപവരെ സബ്സിഡി ലഭിക്കും.
സൗജന്യ സോളർ പാനലിന് ലഭിക്കുന്ന സബ്സിഡി
പി.എം. സൂര്യ ഘർ പദ്ധതിയിൽ സോളർ സിസ്റ്റത്തിന്റെ ശേഷിക്ക് അനുസരിച്ചാണ് കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നത്.
- 1 കിലോവാട്ട്: 30,000 രൂപ വരെ
- 2 കിലോവാട്ട്: 60,000 രൂപ വരെ
- 3 കിലോവാട്ട്: 78,000 രൂപ വരെ
പദ്ധതിയിൽ ചേർന്ന് സബ്സിഡി നേടാനുള്ള സമയപരിധി 2027 മാർച്ച് 31 വരെയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിൽ പദ്ധതിയുടെ വ്യാപനം കുറവ്
സംസ്ഥാനത്ത് പി.എം. സൂര്യ ഘർ പദ്ധതിയുടെ വ്യാപനം കുറവായ സാഹചര്യത്തിലാണ് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഡൽഹി സർക്കാർ പുതിയ ആനുകൂല്യങ്ങളുമായി എത്തിയത്.
കേരളത്തിൽ 3.43 ലക്ഷം വീടുകൾ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. സ്ഥാപിത ഉൽപാദനശേഷി 1,304 മെഗാവാട്ടാണ്. കേരളത്തിലെ കുടുംബങ്ങൾ ഏകദേശം 2,250 കോടി രൂപ സബ്സിഡിയായി നേടിയതായാണ് കണക്ക്.
അതേസമയം, ഡൽഹിയിൽ ഇതുവരെ 17,570 കുടുംബങ്ങൾ മാത്രമാണ് പദ്ധതിയിൽ ചേർന്നത്. സ്ഥാപിത ഉൽപാദനശേഷി 53 മെഗാവാട്ടും നേടിയ സബ്സിഡി 81 കോടി രൂപയുമാണ്.
3 കിലോവാട്ട് വരെ സോളർ പാനൽ സൗജന്യമായി
3 കിലോവാട്ട് വരെ ശേഷിയുള്ള സോളർ പാനലുകൾ അർഹരായവർക്ക് സൗജന്യമായി നൽകാനാണ് ക്യാബിനറ്റ് തീരുമാനിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
കൂടാതെ, പി.എം. സൂര്യ ഘർ ഗുണഭോക്താക്കൾക്ക് ഇൻസെന്റീവ് നൽകുന്ന രീതിയിലും മാറ്റം വരുത്തും. നിലവിൽ അഞ്ച് വർഷംകൊണ്ടാണ് ഉപഭോക്താവിന് ഇൻസെന്റീവ് ലഭിക്കുന്നത്.
ഇനി സോളർ പാനൽ സ്ഥാപിക്കുന്ന സമയത്തുതന്നെ ഇൻസെന്റീവ് മുൻകൂറായി നൽകും. കൂടാതെ, അഞ്ച് വർഷത്തെ സൗജന്യ മെയിന്റനൻസ് ഗ്യാരന്റിയും ഉറപ്പാക്കും. അതത് വെൻഡർമാരാണ് മെയിന്റനൻസ് സേവനം നൽകേണ്ടത്.
അപേക്ഷാ ചാർജിലും ഇളവ്
വീടുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നവർക്ക് നിബന്ധനകളോടെ അപേക്ഷാ ചാർജുകൾ ഒഴിവാക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പി.എം. സൂര്യ ഘർ പദ്ധതി പ്രകാരം ലഭിക്കുന്ന കേന്ദ്ര സബ്സിഡി തുകയിൽ മാറ്റമുണ്ടാകില്ല.
അധിക വൈദ്യുതി നൽകിയും സാമ്പത്തിക നേട്ടം
സോളർ പാനലിലൂടെ ആവശ്യത്തിലധികം വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് അധിക വൈദ്യുതി വൈദ്യുതി ബോർഡിന് കൈമാറി സാമ്പത്തിക നേട്ടം നേടാനും സാധിക്കും.
2027 മാർച്ചിനകം സംസ്ഥാനത്ത് മൊത്തം 2.27 ലക്ഷം സോളർ പാനലുകൾ സ്ഥാപിച്ച് 500 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കുകയാണ് ഡൽഹി സർക്കാരിന്റെ ലക്ഷ്യം.
English Summary
Delhi has announced additional incentives to encourage households consuming up to 400 units of electricity per month to adopt rooftop solar under the PM Surya Ghar scheme. Central subsidies remain unchanged at up to ₹30,000 for 1 kW, ₹60,000 for 2 kW and ₹78,000 for 3 kW systems. Delhi plans to provide eligible beneficiaries with solar panels up to 3 kW free of cost, offer incentives upfront instead of over five years, and provide a five-year free maintenance guarantee. The government aims to install 2.27 lakh solar panels with a combined capacity of 500 MW by March 2027.
