മൂന്ന് വർഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം; പിണറായി വിജയന്റെ ഇടപെടൽ നിർണായകമായി

1 Min Read
1 Min Read

തിരുവനന്തപുരം: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം ലഭിച്ചു. തിങ്കളാഴ്ചയാണ് അംഗത്വം പുതുക്കിനൽകിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് അംഗത്വം പുനഃസ്ഥാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബിനീഷിന്റെ അംഗത്വം പുതുക്കി നൽകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് പിണറായി വിജയൻ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി വൈകിയത് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

2020-ൽ മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതിരുന്നത്. ഇതോടെ 2022 മുതൽ അദ്ദേഹം ഔദ്യോഗികമായി സിപിഎം അംഗത്വത്തിന് പുറത്തായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലായിരുന്നു ബിനീഷിന്റെ അംഗത്വം.

2023-ൽ കേസിലെ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ ബിനീഷ് ശക്തമാക്കിയിരുന്നു. ഇതിനായി നൽകിയ അപേക്ഷകൾ പരിഗണിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്വം പുനഃസ്ഥാപിക്കാൻ സംസ്ഥാന നേതൃത്വത്തോട് ശുപാർശയും നൽകിയിരുന്നു.

എന്നാൽ വിഷയത്തിൽ ഉടൻ തീരുമാനം എടുക്കാതെ കൂടുതൽ ആലോചന വേണമെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. ഇതിനിടയിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ ശക്തമായി പ്രതിരോധിക്കുന്ന ബിനീഷിന് അംഗത്വം നൽകാത്തത് വിമർശനങ്ങൾക്കും കാരണമായി.

ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ അംഗത്വം പുനഃസ്ഥാപിച്ചതോടെ ബിനീഷ് കോടിയേരി വീണ്ടും പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറുകയാണ്.

English Summary: CPM has restored the party membership of Bineesh Kodiyeri after a gap of three years. Reports indicate that the move came following intervention from former Chief Minister Pinarayi Vijayan.

Share This Article