facebook

വിവാഹത്തെച്ചൊല്ലി തർക്കം : ചണ്ഡീഗഡിൽ മകന്റെ വെടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു

3 Min Read

ചണ്ഡീഗഡിൽ കാമുകിയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തെച്ചൊല്ലിയ തർക്കത്തിനിടെ 18കാരൻ പിതാവിനെ വെടിവച്ച് കൊന്നു. പൊലീസ് ഹെഡ് കോൺസ്റ്റബിളായ നിതിൻ സിങ്ങാണ് കൊല്ലപ്പെട്ടത്. 21 വയസ് പൂർത്തിയാകുന്നതുവരെ വിവാഹം നടത്തില്ലെന്ന മാതാപിതാക്കളുടെ നിലപാടാണ് തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് ക്വാർട്ടേഴ്സിൽ പിതാവിന് വെടിയേറ്റു

ചണ്ഡീഗഡ് പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിതിൻ സിങ്ങിന്റെ മൃതദേഹം സെക്ടർ 22ലെ പൊലീസ് ക്വാർട്ടേഴ്സിലാണ് കണ്ടെത്തിയത്.

തലയ്ക്കാണ് വെടിയേറ്റത്. സംഭവസ്ഥലത്തുനിന്ന് നാടൻ തോക്കും പൊലീസ് കണ്ടെടുത്തു. മകൻ അർമാനാണ് വെടിവച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

അമ്മയെയും ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ്

പിതാവിനെ വെടിവച്ചതിന് പിന്നാലെ അർമാൻ അമ്മയെ കഴുത്തുഞെരിച്ച് അപായപ്പെടുത്താനും ശ്രമിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, അർമാന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട അമ്മ വീടിന്റെ മട്ടുപ്പാവിലേക്ക് ഓടിക്കയറി അയൽക്കാരെ വിവരമറിയിച്ചു.

കൃത്യത്തിന് ശേഷം പുറത്തുനിന്നെത്തിയ ആരോ പിതാവിനെ വെടിവച്ചതാണെന്ന് വരുത്തിത്തീർക്കാനും അർമാൻ ശ്രമിച്ചതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.

കാമുകിയെ വിവാഹം കഴിക്കണമെന്ന ആവശ്യം

കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

എന്നാൽ നിയമപ്രകാരമുള്ള വിവാഹപ്രായമായ 21 വയസ് പൂർത്തിയായ ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന നിലപാടിലായിരുന്നു മാതാപിതാക്കൾ.

ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രിയും അർമാൻ മാതാപിതാക്കളുമായി തർക്കത്തിലേർപ്പെട്ടു. കാമുകിയെ ഉടൻ വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും മാതാപിതാക്കൾ നിരസിച്ചു.

പണത്തെച്ചൊല്ലിയും തർക്കമുണ്ടായി

വിവിധ ആവശ്യങ്ങൾക്കായി പണം നൽകണമെന്നാവശ്യപ്പെട്ടും അർമാൻ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ സുദേഷ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയതിൽ അർമാന് യാതൊരു പശ്ചാത്താപവുമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നേരത്തെയും ഗുരുതര കേസിൽ അറസ്റ്റിലായി

ഈ വർഷം ആദ്യം മണിമാജ്‌രയിൽ അർമാൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു. അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടിരുന്നു.

സുഹൃത്തിന്റെ വാഹനം ഓടിച്ചാണ് അർമാൻ അന്ന് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

English summary:An 18-year-old boy allegedly shot and killed his father, Chandigarh Police Head Constable Nitin Singh, following a dispute over his demand to marry his girlfriend. Police said his parents had insisted that he wait until he turned 21, the legal marriage age for men in India. The incident took place at the family’s police quarters in Sector 22. The teenager allegedly also tried to strangle his mother and attempted to make the killing appear as if an outsider had committed it. Police said the family had also argued over money and the boy’s demand to bring his girlfriend home immediately. Earlier this year, he had been arrested in connection with a fatal car accident in Manimajra and was later released on bail.

Share This Article